തിരുവനന്തപുരം> സംസ്ഥാനത്തിന്റെ സമഗ്ര പരിവര്ത്തനത്തിന് നിതാനമാകും വിധം തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ നവീകരിക്കുന്ന കാര്യത്തില് പ്രതിജ്ഞാബദ്ധമായ നിലപാടാണ് സര്ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആ പ്രതിബദ്ധതയുടെ ഫലമായാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാര്ഥ്യമാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണത്തിന്റെ പ്രഖ്യാപനം തിരുവനന്തപുരത്ത് നിര്വഹിക്കുകയായിരുന്നു അദ്ദേഹം
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രകടന പത്രികയില് എല്ഡിഎഫ് നല്കിയ വാഗ്ദാനം കൂടിയായിരുന്നു ഇത്. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട എല്ലാത്തിനേയും ഒരു കുടക്കീഴില് അണിനിരത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്. തൊട്ടുമുമ്പത്തെ സര്ക്കാര് ഈ വകുപ്പിനെ തന്നെ മൂന്ന് ഭാഗമാക്കിയാണ് പ്രവര്ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ വകുപ്പിന്റെ ഏകീകരണം ജനമാകെ ആഗ്രഹിക്കുന്നു. ഗ്രാമ ജില്ലാ പഞ്ചായത്തുകള്- പഞ്ചായത്ത് വകുപ്പ്, ബ്ലോക്ക് പഞ്ചായത്തുകള്- ഗ്രാമ വികസന വകുപ്പ്, നഗരസഭകള്- ധനകാര്യ വകുപ്പ്, ഇത്തരത്തില് വകുപ്പുകളില് വിഭജനമുണ്ടായിരുന്നു. ഇതില് നിന്നും വ്യത്യസ്തമായി എഞ്ചിനീയറിംഗ് വിഭാഗം ചീഫ് എഞ്ചിനീയറുടെ ഏകോപനത്തിലായിരുന്നു. ഇത്തരത്തില് വിവിധ വിഭാഗമായി ചിതറിക്കിടന്ന തദ്ദേശ സ്വയംഭരണ രംഗം ഫലപ്രദമായ രീതിയില് പ്രവര്ത്തിക്കുന്നതിന് ചില ഘട്ടത്തില് ചെറിയ തടസം നേരിട്ടു. ഇതിന് പരിഹാരമായാണ് ഏകോപിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. വിവിധ വകുപ്പുകളുടെ പൂര്ണ ശേഷി ഏകോപിത സംവിധാനത്തില് പ്രാവര്ത്തികമാകും.
മുപ്പതിനായിരത്തിലേറെ ഉദ്യോഗസ്ഥരാണ് ഒറ്റ വകുപ്പിന്റെ ഭാഗമാകുന്നത്. ഫണ്ടാണ് ഏറ്റവും പ്രധാനം.ആറാം ധനകാര്യ കമ്മീഷന് നിര്ദ്ദേശിക്കുന്ന ഡെവലപ്മെന്റ് ഗ്രാന്റിലും മെയ്ന്റെനന്സ് ഗ്രാന്റിലും ജനറല് പര്പ്പസ് ഗ്രാന്റിലുമുള്ള വര്ധന സര്ക്കാര് ഇതിനകം അംഗീകരീച്ചിട്ടുണ്ട്. ജിഎസ്ടിയുടെ ഭാഗമായി തദ്ദേശ വകുപ്പിന് വിനോദ നികുതി നഷ്ടമുണ്ടാകുന്നു. അത് സര്ക്കാര് നികത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്ക്കാര് സേവനങ്ങള് പൗരന്റെ അവകാശമാണ് എന്ന ബോധ്യം എല്ലാവര്ക്കുമുണ്ടായിരിക്കണം. വളരെ പ്രധാനമാണിത്. അതിനാല് തന്നെ പൗരാവകാശ രേഖ പ്രസിദ്ധീകരിക്കും, അത് നടപ്പാക്കിയത് സംബന്ധിച്ച ഓഡിറ്റ് റിപ്പോര്ട്ട് ഗ്രാമസഭകളില് സമര്പ്പിക്കണം. ഇക്കാര്യങ്ങളെല്ലാം ഉറപ്പ് വരുത്തുന്ന കാര്യത്തില് സര്ക്കാര് പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
നാട് ദുരന്തത്തില് പെട്ടപ്പോള് ഉണര്ന്ന് പ്രവര്ത്തിക്കാന് തദ്ദേശ സ്ഥാപനങ്ങള്ക്ക് കഴിഞ്ഞു. കോവിഡ് മഹാമാരിയിലും അവര് ജനങ്ങളോടൊപ്പം നിന്ന് മികച്ച പ്രവര്ത്തനം കാഴ്ചവെച്ചു. ഇത് തുടരണം. തദ്ദേശ സ്വയംഭരണം സ്ഥാപനത്തിന്റംെ പ്രവര്ത്തനത്തില് ഏതെങ്കിലും തരത്തില് നിേേഷധാത്മക സമീപനം പാടില്ല. നാം നാടിന്റെ വികസനമാണ് ആഗ്രഹിക്കുന്നത്. അതിനായി എല്ലാവരും ഒന്നിച്ച് നീങ്ങണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി