തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഗവർണർ തറരാഷ്ട്രീയം കളിക്കുകയാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. ഗവർണറെ തിരിച്ചുവിളിക്കാൻ കേരളം ഒന്നടങ്കം ആവശ്യപ്പെടണമെന്നും സുധാകരൻ പറഞ്ഞു.
ഗവർണർ പദവിയുടെ മഹിമ ആരിഫ് മുഹമ്മദ് ഖാൻ തകർത്തു. ഗവർണ്ണർ രാഷ്ട്രീയം പറയുന്നതിൽ വിയോജിപ്പുണ്ട്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ ഇടപെടാൻ ഗവർണ്ണർക്ക് അവകാശമില്ല. ഗവർണർ ആ പദവിയുടെ അന്തസത്തയ്ക്ക് ചേരാത്തവിധമാണ് പ്രവർത്തിക്കുന്നത്.
ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ ഗവർണർ ഇടപെടുന്നത് ഉചിതമല്ല. തരാതരം നിലപാട് മാറ്റുന്ന ഗവർണർ തരംതാണ രാഷ്ട്രീയം കളിക്കുകയാണ്.
പ്രതിപക്ഷനേതാവിന്റെ പ്രവർത്തനം വിലയിരുത്താൻ ഗവർണ്ണറെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അദ്ദേഹം അതോർത്ത് ആശങ്കപ്പെടേണ്ടെതുമില്ല. മികച്ച പ്രതിപക്ഷനേതാവാണ് വിഡി സതീശൻ. അതിൽ കോൺഗ്രസിനും പൊതുജനങ്ങൾക്കും സംശയമില്ലെന്നും സുധാകരൻ പറഞ്ഞു.
ഗവർണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യം യുഡിഎഫ് ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയും മുന്നണിയും ഈ വിഷയത്തിൽ ചർച്ച നടത്തുമെന്നും അഭിപ്രായസമന്വയത്തിലെത്തുമെന്നും അല്ലാതെ തനിക്ക് ഔദ്യോഗികമായി ഇക്കാര്യം ആവശ്യപ്പെടാൻ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു.
Content Highlights: k sudhakaran against governor arif muhammed khan