ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്ന് വി ഡി സതീശന് ഒരു ധാരണയുമില്ല. “പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കണ്ടുപഠിക്കട്ടെ.” എന്ന് ഗവർണർ പറഞ്ഞു.
മുൻ മന്ത്രി എ കെ ബാലന് ഇപ്പോൾ പണിയൊന്നുമില്ല. അതുകൊണ്ട് പൊതുജന ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുകയാണെന്നും ഗവർണർ ആരോപിച്ചു. “പേര് ബാലൻ എന്നാണെന്നു കരുതി ബാലിശമായി സംസാരിക്കരുത്. ഉള്ളിലെ കുട്ടി ഇനിയും വളർന്നിട്ടില്ലേ?” ഗവർണർ ചോദിച്ചു.
ഗവർണർക്ക് രണ്ടാം ശൈശവമാണെന്നും വയസായ കാലത്ത് പലതും പറയുമെന്നും ഒരു കേക്ക് കൊണ്ടുപോയി കൊടുത്തുപോലും പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും എ കെ ബാലൻ പറഞ്ഞിരുന്നു.
താൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ 11 പേഴ്സണൽ സ്റ്റാഫുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇവിടെ ഒരു മന്ത്രിക്ക് 20 പേർ വരെയുണ്ടെന്ന് ഗവർണർ പറഞ്ഞു. പൊതുജനത്തിന്റെ പണമാണ് പാഴാക്കുന്നതെന്നും പെൻഷനു വേണ്ടി രണ്ട് വർഷം കൂടുമ്പോൾ സ്റ്റാഫിനെ മാറ്റുകയാണെന്നും ഗവർണർ ആരോപിച്ചു. പേഴ്സണൽ സ്റ്റാഫ് നിയമനം സംബന്ധിച്ച് എജിയെ വിവരം അറിയിച്ചിട്ടുണ്ട്. ഇത് വെറുതേ വിട്ടുകളയില്ലെന്നും ഗവർണർ വ്യക്തമാക്കി.
പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാലിനെ മാറ്റാൻ താൻ നിർദ്ദേശിച്ചിട്ടില്ല. ഒരു സെക്രട്ടറിക്ക് അങ്ങനെ കത്തെഴുതാനാകില്ലെന്ന് എനിക്ക് അറിയാം. പിന്നെ അദ്ദേഹത്തെ മാറ്റാൻ എന്തിന് ആവശ്യപ്പെടണമെന്നും അദ്ദേഹം ചോദിച്ചു. ബിജെപി സംസ്ഥാന സമിതി അംഗംകൂടിയായ ഹരി എസ് കർത്തയ്ക്ക് രാജ്ഭവനിൽ ജോലി ചെയ്യാനുള്ള യോഗ്യതയുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.