തിരുവനന്തപുരം > കെപിസിസി അധ്യക്ഷൻ കെ സുധാകരനെ തള്ളി മുതിർന്ന നേതാവും തെരഞ്ഞെടുപ്പ് ചുമതലയുള്ള റിട്ടേണിങ് ഓഫീസറുമായ കെ പരമേശ്വര. കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തില്ലെന്ന കെ സുധാകരന്റെ പ്രസ്താവനക്കെതിരെയാണ് പരമേശ്വര തുറന്നടിച്ചത്. സംഘടനാ തെരഞ്ഞെടുപ്പിന് സമയക്രമം തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് തെരഞ്ഞെടുപ്പുകൾ നടക്കും. സുധാകരൻ പറഞ്ഞതിനെക്കുറിച്ച തനിക്ക് അറിയില്ലെന്നും പരമേശ്വര പറഞ്ഞു.
ഇന്നലെയാണ് കേരളത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് സുധാകരൻ പ്രഖ്യാപിച്ചത്. പുനസംഘടനാ നടപടികളുമായി മുന്നോട്ടുപോകുമെന്നും സമവായത്തിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നും സുധാകരന് പറഞ്ഞു.
എഐസിസി എല്ലാ സംസ്ഥാനങ്ങളിലും നടത്തുന്ന കോണ്ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് കേരളത്തില് നടത്തില്ലായെന്ന് തീരുമാനമെടുത്തത് കെ സുധാകരനും വി ഡി സതീശനും നേതൃത്വം നല്കുന്ന നിലവിലെ നേതൃത്വമാണ്. എ – ഐ ഗ്രൂപ്പുകളെ ഞെട്ടിച്ച് എഐസിസി പോലും അറിയാതെയാണ് കെ സുധാകരന് തീരുമാനം പ്രഖ്യാപിച്ചത്.
പാര്ട്ടി മെമ്പര്ഷിപ്പ് കേരളത്തില് എത്തിയിട്ടും ബൂത്തുകളില് വിതരണം നടത്തിയില്ലെന്നും സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സൂധാകരന്റെ നീക്കമെന്നുമാണ് ഗ്രൂപ്പുകളുടെ ആരോപണം. പാര്ട്ടി പിടിച്ചെടുക്കാനുള്ള സുധാകരന്റെ നീക്കത്തെ സംഘടനാ തെരഞ്ഞെടുപ്പില് തിരിച്ചടി നല്കാമെന്ന എ – ഐ ഗ്രൂപ്പുകളുടെ ലക്ഷ്യവുമാണ് പ്രതിസന്ധിയിലായത്.