മലപ്പുറം > പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ എംഎസ്എഫ് നേതാവ് ലത്തീഫ് തുറയൂർ. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവ് യുഡിഎഫിൻ്റെ തോൽവിക്ക് കാരണമായെന്ന് ലത്തീഫ് പറഞ്ഞു. കുഞ്ഞാലിക്കുട്ടി അധികാരമോഹിയാണെന്നും ലത്തീഫ് തുറന്നടിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസിൻ്റെ സ്പോൺസർ സാദിഖലി തങ്ങളെന്നും തങ്ങൾക്ക് നവാസുമായി സാമ്പത്തിക ഇടപാട് ഉണ്ടെന്നും ലത്തീഫ് ആരോപിച്ചു.
ലീഗിൻ്റെ സ്വാധീനം മലപ്പുറത്തെ ചില പ്രദേശങ്ങളിലേക്ക് ചുരുങ്ങി. പാർട്ടി വളരണമെന്ന് നേതാക്കൾക്കാഗ്രഹമില്ല. ലീഗിൻ്റെ വളർച്ച താഴോട്ടാണെന്നും ലത്തീഫ് പറഞ്ഞു. എംഎസ്എഫിൻ്റെ പുതിയ ഭാരവാഹികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും തെളിവുകൾ നിരത്തി ലത്തീഫ് പറഞ്ഞു.
കെ എം ഷാജിയുടെ വർഗീയ പ്രസംഗം മുസ്ലീം സമൂഹം അംഗീകരിക്കുന്നില്ല. നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിത്. ലീഗിൻ്റെ മുഖ്യശത്രു കമ്മ്യൂണിസമല്ല, ബിജെപി ആണെന്നും ലത്തീഫ് വ്യക്തമാക്കി.