തിരുവനന്തപുരം
സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിലെ വിളക്കുകൾക്ക് ഇനി സൂര്യപ്രഭ. വൈദ്യുതി ബോർഡിന്റെ സൗര പദ്ധതിയിൽ 30 കിലോവാട്ട് ശൃംഖലാബന്ധിത സൗരോർജ നിലയം എ കെ ജി സെന്ററിൽ പ്രവർത്തനസജ്ജമായി. ഞായർ വൈകിട്ട് നാലിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സർക്കാരിന്റെ പുനരുപയോഗ ഊർജ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് ഗതിവേഗം പകരുന്നതാണ് സൗരോർജ നിലയം. വ്യവസായ വകുപ്പിന് കീഴിലുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനമായ ഇൻകെൽ ലിമിറ്റഡാണ് നിലയം സ്ഥാപിച്ചത്. അതിനൂതന മോണോ പെർക് സാങ്കേതികവിദ്യയിലുള്ള 400 വാട്ട് പീക്ക് ശേഷിയുള്ള 75 സോളാർ പാനലും 30 കിലോവാട്ട് ശേഷിയുള്ള സോളാർ ഇൻവെർട്ടറുമാണ് സ്ഥാപിച്ചത്. പ്രതിദിനം ശരാശരി 120 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. നേരത്തേ ഉപയോഗിച്ചിരുന്ന സോളാർ പ്ലാന്റ് പുതുക്കിയാണ് പരിസ്ഥിതി സൗഹൃദമായ പുത്തൻ മാതൃകയിലുള്ള നിലയം സജ്ജമാക്കിയത്.