ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്തിനെ നിയമിച്ച് കൊണ്ട് സംസ്ഥാന സർക്കാർ മുൻപ് ഉത്തരവിറക്കിയിരുന്നു. സംവിധായകൻ കമലിന് പകരമായിട്ടായിരുന്നു രഞ്ജിത്തിൻ്റെ നിയമനം. ഇതിന് പിന്നാലെയാണ് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി പ്രേംകുമാറിനെ നിയമിച്ചത്.
നൂറിലധികം സിനിമകളിൽ അഭിനയിച്ച പ്രേംകുമാർ മികച്ച ടെലിവിഷൻ നടനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരമടക്കമുള്ള നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1967 സെപ്റ്റംബർ പന്ത്രണ്ടിന് തിരുവനന്തപുരത്ത് ജനിച്ച പ്രേംകുമാർ പി എ ബക്കർ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. ആദ്യകാലങ്ങളിൽ ടെലിവിഷൻ രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം കോളേജ് കാലഘട്ടത്തിൽ റേഡിയോ, ദൂരദർശൻ പാനൽ ലിസ്റ്റിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.