കിഴക്കമ്പലം: വിളക്കണയ്ക്കൽ സമരത്തിനിടെ മർദനമേറ്റ ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു. മരണത്തിന് പിന്നിൽ സിപിഎം ആണെന്ന് ആരോപിച്ചുകൊണ്ട് വാർഡ് മെമ്പറടക്കം രംഗത്തെത്തി. എംഎൽഎയ്ക്കെതിരേയും ആരോപണങ്ങൾ ഉയരുന്നുണ്ട്.
ആക്രമണ വിവരം അറിഞ്ഞുചെന്ന തന്നെയും ഭീഷണിപ്പെടുത്തിയെന്ന് ട്വന്റി 20യുടെ അഞ്ചാം വാർഡ് മെമ്പർ നിഷ പറഞ്ഞു. ദീപു വിളിച്ചതിനെത്തുടർന്ന് അവിടെ ചെന്നപ്പോൾ കണ്ടത് വാർഡിൽ തന്നെയുള്ള സിപിഎം പ്രവർത്തകരായ നാലുപേർ ചേർന്ന് ദീപുവിനെ മതിലിൽ ചേർത്തു പിടിച്ചിരിക്കുന്നതാണ്. എന്താണെന്ന് ചോദിച്ചപ്പോൾ, ഞങ്ങളാ ടീ തല്ലിയത്, ഞങ്ങൾ സിപിഎമ്മുകാരാ ടീ, ഞാനാ തല്ലിയത് എന്നുപറഞ്ഞ് ആക്രോശിച്ചു. അഞ്ച് മണിക്കുശേഷം വാർഡിൽ ഇറങ്ങിയാൽ കാല് വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി – വാർഡ് മെമ്പർ പറയുന്നു. ആ സമയത്ത് എം.എൽ.എ അവിടെ എത്തി. എന്തിനാണ് എം.എൽ.എ അവിടെ എത്തിയത് ? അക്രമത്തിൽ എം.എൽ.എയ്ക്ക് പങ്കില്ലെങ്കിൽ എന്തിനാണ് ആ സമയത്ത് അവിടെ വന്നതെന്നും നിഷ ചോദിച്ചു.
ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകൾ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ തകർക്കാൻ കുന്നത്തുനാട് എം.എൽ.എ. ശ്രമിച്ചെന്നതിൽ പ്രതിഷേധിച്ച് നടത്തിയ വിളക്കണയ്ക്കൽ സമരത്തിത്തിലാണ് ദീപുവിന് മർദനേറ്റത്.
ചികിത്സയിലിക്കെയാണ് ദീപു മരിക്കുന്നത്. വലിയ തോതിലുള്ള പ്രതിഷേധമാണ് ഇപ്പോൾ ദീപുവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന എറണാകുളം രാജഗിരി ആശുപത്രിക്കു മുന്നിൽ നടക്കുന്നത്. സിപിഎം ആണ് മരണത്തിന് പിന്നിലെന്നാണ് ട്വന്റി 20യുടെ ആരോപണം.സംഭവത്തിൽ നാലു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സൈനുദ്ദീൻ സലാം, അബ്ദുൾറഹ്മാൻ, ബഷീർ, അസീസ് എന്നീ സിപിഎം പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
അതേ സമയം തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് പി.വി.ശ്രീനിജൻ എംഎൽഎ പറഞ്ഞു. സംഭവം ദൗർഭാഗ്യകരമാണ്. പ്രത്യക്ഷമായോ പരോക്ഷമായോ തനിക്കതിൽ ബന്ധമില്ല. തന്നെ കേസിൽപ്പെടുത്താനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read more – മർദനമേറ്റ ട്വന്റി20 പ്രവർത്തകൻ മരിച്ചു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം
Content Highlights : Twenty20 member dies in kizhakkambalam