പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് സ്ത്രീകളുടെ മുഖത്തടിച്ചു. പാലക്കാട് നഗരത്തിലാണ് സംഭവം. ബസിൽ യാത്ര ചെയ്യവെ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് യാത്രക്കാരിയായ സ്ത്രീ മർദ്ദിച്ചത്. രണ്ട് സ്ത്രീകളുടെ മുഖത്ത് മർദ്ദിക്കുന്ന ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു.
പാലക്കാട് നഗരത്തിൽ നിന്നും പുത്തൂർ വഴി മലമ്പുഴയ്ക്ക് പോകുന്ന ബസിൽ വെച്ച് ഒരു സ്ത്രീയുടെ മൊബൈൽ ഫോൺ രണ്ട് സ്ത്രീകൾ ചേർന്ന് മോഷ്ടിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. മൊബൈൽ ഫോൺ ഇവരുടെ ബാഗിൽ നിന്ന് കണ്ടെത്തുകയുംചെയ്തു. ഇവരെ ബസിൽ നിന്നിറക്കി ചോദ്യം ചെയ്യുന്നതിനിടെയാണ് മർദ്ദനമേറ്റത്.
മൊബൈൽ ഫോൺ നഷ്ടപ്പെട്ടു എന്ന് പറയുന്ന സ്ത്രീ തന്നെയാണ് ഇവരുടെ മുഖത്ത്പലതവണ അടിച്ചത്. പിന്നാലെ പാലക്കാട് ടൗൺ നോർത്ത് പോലീസ് പിങ്ക് പോലീസിനെ സഥലത്തേക്ക് അയക്കുകയും മർദ്ദനമേറ്റ സ്ത്രീകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് മൊബൈൽ നഷ്ടപ്പെട്ട സ്ത്രീ പരാതിയില്ലെന്ന് വ്യക്തമാക്കുകയും ഇരുവരെയും കേസെടുക്കാതെ പോലീസ് പറഞ്ഞയക്കുകയുംചെയ്തു.
സ്ഥിരമായി ഈ പ്രദേശത്ത് മോഷണം നടത്തുന്ന സ്ത്രീകളാണ് മർദ്ദനമേറ്റവരെന്നാണ് വിവരം. ഇവർ പൊള്ളാച്ചി സ്വദേശികളാണ്. ഇവരുടെ വിലാസം ശേഖരിച്ചതിന് ശേഷമായിരുന്നു പോലീസ് പറഞ്ഞയച്ചതെങ്കിലും ഇവർ നൽകിയ വിവരങ്ങൾ വ്യാജമായിരുന്നുവെന്ന് പോലീസ് പറയുന്നു.
പരസ്യമായി സ്ത്രീകളെ മർദ്ദിക്കുന്നതും കൂടിനിന്ന നാട്ടുകാർ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതും പുറത്തു വന്ന ദൃശ്യങ്ങളിൽ കാണാം.
Content Highlights:women beaten up in public for allegedly stealing mobile phone