തിരുവനന്തപുരം: പുഷ്പ-ഫല-സസ്യങ്ങളുടെ വൈവിധ്യം നിറച്ച് ലുലു മാളിൽ സംഘടിപ്പിച്ച ലുലു ഫ്ളവർ ഫെസ്റ്റ് 2022 പുഷ്പമേള അനന്തപുരിക്ക് വേറിട്ട അനുഭവമായി. നാല് ദിവസം നീളുന്ന പുഷ്പമേളയുടെ ആദ്യ ദിനം തന്നെനിരവധി പേർ പ്രദർശനം കാണാനും ആകർഷകമായവ സ്വന്തമാക്കാനും എത്തി.
ഇൻഡോർ-ഔട്ട്ഡോർ ഗാർഡനിംഗിനടക്കം അനുയോജ്യമായ സസ്യങ്ങൾ, വായു ശുദ്ധീകരിക്കുന്ന സസ്യങ്ങൾ, തായ്ലൻഡിൽ നിന്നുള്ള അഗ്ലോണിമ,ബോൺസായ് ഇനത്തിൽപ്പെട്ട ട്വിസ്റ്റഡ് ഫൈക്കസ്, മോൺസ്റ്റെറ, പല വർണ്ണങ്ങളിലുള്ള റോസ, ബോഗൺവില്ല, നാല് ദിവസം വരെ വാടാതെ നിൽക്കുന്ന തായ്ലൻഡ് ചെമ്പരത്തി എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയാണ്.
മേളയെ ആകർഷകമാക്കുന്ന മറ്റൊരു ഘടകം വളരെ ചെറിയ കാലം കൊണ്ട് തന്നെ ഫലം തരുന്ന വൃക്ഷത്തൈകളാണ്. രണ്ട് മുതൽ മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന മലേഷ്യൻ കുള്ളൻ, രാമഗംഗ, ഗംഗബോന്ധം തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്ന തെങ്ങിൻ തൈകൾ. മലേഷ്യൻ മാതളം, ഒരു കിലോയുള്ള പേരയ്ക്ക വരെ ലഭിയ്ക്കുന്ന ഹൈബ്രിഡ് ഇനമായ വെഡിറ്റർ എന്നിവയും ചെറിയ കാലം കൊണ്ട് തന്നെ ഫലം തരുന്നവയാണ്.
വീടുകളിലടക്കം ഉപഭോക്താക്കളുടെ ആവശ്യാനുസരണം ലാൻഡ്സ്കേപ്പിംഗ്, കസ്റ്റമൈസ്ഡ് ഇൻഡോർ-ഔട്ട്ഡോർ ഗാർഡനിംഗ് എന്നിവ ചെയ്ത് നൽകുന്നവരും പുഷ്പമേളയിൽ പങ്കെടുക്കുന്നുണ്ട്. ലാൻഡ്സ്കേപ്പിംഗ് സമയത്ത് തറയിൽ പാകാൻ ഉപയോഗിക്കുന്ന ബെംഗലൂരു സ്റ്റോൺ, തണ്ടൂർ സ്റ്റോൺ, ഇന്റർലോക്ക് ആകൃതിയിലുള്ള ഫേബർ സ്റ്റോൺ തുടങ്ങിയ ഇറക്കുമതി ചെയ്ത കല്ലുകളും പ്രദർശനത്തിനുണ്ട്.
അലങ്കാര ആവശ്യങ്ങൾക്കായി ഉപയോഗിയ്ക്കുന്ന ഗ്ലാഡിയോലസ്, ഡ്രൈ-ഫ്രഷ് ഫ്ളവർ വിഭാഗത്തിൽപ്പെട്ട സോല വുഡ്, ജിപ്സോഫില തുടങ്ങിയവയും മേളയിൽ ശ്രദ്ധേയമായി. ലുലു മാളിൽ ഞായറാഴ്ച വരെയാണ് പുഷ്പമേള