തിരുവനന്തപുരം:നയപ്രഖ്യാപന വിഷയത്തിൽ ഗവർണറുടെവിലപേശലിന് സർക്കാർവഴങ്ങിയത്ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
നയപ്രഖ്യാപനത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ പറയാം. അല്ലാത്തപക്ഷം കാബിനറ്റ് അംഗീകരിച്ച നയപ്രഖ്യാപനം വായിക്കാനും അംഗീകരിക്കാനും ഗവർണർ ബാധ്യസ്ഥനാണ്. ഗവർണർ സർക്കാരിനോട് വിലപേശിയത് ശരിയായില്ല. അതൊരു വിലകുറഞ്ഞ നടപടിയാണെന്നും കാനം പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്.കർത്തയെ നിയമിച്ചത് മുതലുള്ള വിവാദം പൊതുഭരണ സെക്രട്ടറിയെ സ്ഥാനത്ത് നീക്കം ചെയ്യുന്നതിലേക്ക് എത്തിച്ച നാടകീയ നീക്കങ്ങളായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാൻ ഉപാധിവെച്ച ഗവർണർക്ക് മുന്നിൽ പൊതുഭരണ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ മാറ്റി സർക്കാർ അനുരഞ്ജനം ഗവർണർ സ്വീകരിച്ചതോടെ അനിശ്ചിതത്വം അവസാനിക്കുകയായിരുന്നു. ഇതിനെതിരേയാണ് കാനം രംഗത്തെത്തിയത്.
ഗവർണറിനെതിരേയും നേരത്തെ സിപിഐ രംഗത്തെത്തിയിരുന്നു. ഫെഡറലിസം സംരക്ഷിക്കാൻ ഗവർണർമാരെ നിലയ്ക്ക് നിർത്തണം എന്ന തലക്കെട്ടോടെ ജനയുഗം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഗവർണർക്കും കേന്ദ്രസർക്കാരിനുമെതിരേ വിമർശനം ഉന്നയിക്കുന്നത്.
നയപ്രഖ്യാപനത്തിൽ ഒപ്പുവെക്കാൻ വിസമ്മതിച്ച ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണ്. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്കുള്ള ആയുധമായി മാറുകയാണ് ഗവർണർ പദവി.
നയപ്രഖ്യാപന പ്രസംഗത്തിനോടുള്ള ഗവർണറുടെ എതിർപ്പ് അതിന്റെ ഉള്ളടക്കത്തോട് ഉള്ളതല്ലെന്നാണ് മനസിലാകുന്നത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിന്റെ ഭരണ നയങ്ങളോടുള്ള പരിഹാസ്യമായ എതിർപ്പാണ് ഗവർണർ, പിന്നീട് പിൻവലിച്ചെങ്കിലും, പ്രകടിപ്പിച്ചതെന്ന് മുഖപ്രസംഗം വിമർശിക്കുന്നുണ്ട്.