തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ രാഷ്ട്രീയക്കളി എന്തായിരുന്നാലും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വിഷയം വീണ്ടും പൊതുജന ചർച്ചയിലാകാൻ ഇത് കാരണമായി. ഏഴ് ശതമാനം ഡിഎ, 10 ശതമാനം എച്ചആർഎ ഇതിന് പുറമെ മെഡിക്കൽ റീ ഇംപേഴ്സ്മെന്റു ക്വാർട്ടേഴ്സുകളും. കേൾക്കുമ്പോൾ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥന് ലഭിക്കുന്ന ആനുകൂല്യമാണെന്ന് ധരിക്കരുത്. കൃത്യമായി യാതൊരു വിദ്യാഭ്യാസ യോഗ്യതയും വേണ്ടാത്ത, മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പേഴ്സണൽ സ്റ്റാഫുകൾക്കും ലഭിക്കുന്ന പ്രതിഫലമാണ് ഇതൊക്കെ.
മന്ത്രിമാർക്ക് യോഗ്യത നിർബന്ധമല്ല. ജനപ്രതിനിധികളായ അവർക്ക് ശമ്പളം സർക്കാർ ജീവനക്കാരുടെ ശമ്പളവിഭാഗത്തിൽനിന്നല്ല. എന്നാൽ, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ കാര്യത്തിൽ ശമ്പളം സർക്കാർ ജീവനക്കാരുടെ ഹെഡിൽനിന്നാണ്. സർക്കാർ ജീവനക്കാർക്ക് 30 വർഷം സർവീസുണ്ടെങ്കിൽ സർക്കാർ പെൻഷനും അതിൽ കുറഞ്ഞാൽ കോൺട്രിബ്യൂട്ടറി പെൻഷനുമാണ്. ശമ്പള സ്കെയിൽ പ്രകാരം നിയമിക്കപ്പെടുന്നവർക്ക് സർക്കാർ വ്യവസ്ഥ പ്രകാരമുള്ള യോഗ്യതകളും നിർബന്ധമാണ്. അഞ്ചുവർഷത്തേക്ക്നിയമനമുള്ളുഅവർക്ക്. പക്ഷേ രണ്ടുവർഷം പൂർത്തിയാക്കിയാൽ ആജീവനാന്തം പെൻഷൻ കൊടുക്കും. ഇത് ചട്ടവിരുദ്ധമാണെന്ന് മാത്രമല്ല, പല തരത്തിൽ അയോഗ്യരായവർക്ക് രാഷ്ട്രീയ പ്രവർത്തകരായതിന്റെ പേരിൽ നിയമനം ലഭിക്കുന്നു.
പ്രൈവറ്റ് സെക്രട്ടറിയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമൊക്കെ ആയാൽ ലക്ഷങ്ങളാണ് ശമ്പളം. ഇതിന് പുറമെ വിമാന യാത്രവരെ സൗജന്യം. എന്തിനേറെ വെറും രണ്ട് വർഷം മാത്രം സർവീസിലിരുന്നാൽ പോലും മൂന്ന് വർഷത്തെ സർവീസ് കണക്കാക്കി പെൻഷനും ആനുകൂല്യങ്ങളും വേറെ. നിലവിൽ മന്ത്രിമാരും മറ്റ് കാബിനറ്റ് പദവിയുള്ളവരും ചേർന്ന് ആകെ നിയമിച്ചിട്ടുള്ള പേഴ്സണൽ സ്റ്റാഫുകളുടെ ആകെ എണ്ണം 352 വരും. ഇവർക്കെല്ലാം കൂടി ശമ്പളത്തിന് മാത്രം സംസ്ഥാന ഖജനാവിന് മാസം 1.42 കോടി രൂപയാണ് ബാധ്യത.
പേഴ്സണൽ സ്റ്റാഫുകളിലെ ബമ്പർ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി എന്നീ പോസ്റ്റുകൾ. കുത്തിയിരുന്ന് പഠിച്ച് ഐഎഎസ് നേടി വർഷങ്ങളുടെ സർവീസിലൂടെ ഡെപ്യൂട്ടി സെക്രട്ടറി പദവിയിലെത്തുന്ന ഉദ്യോഗസ്ഥരുടെ ശമ്പള സ്കെയിലിന് തുല്യമാണ് പ്രൈവറ്റ് സെക്രട്ടറിമാരുടെ ശമ്പള സ്കെയിലെന്ന് കേട്ടാൽ ഞെട്ടരുത്.
ഇത് ഏകദേശം 1,07,800- 1,60,000 വരെ വരും. ഏറ്റവും കുറവ് വേതനം ലഭിക്കുന്നത് പാചകക്കാരനാണ്- പരമാവധി 50200 രൂപവരെ. 70,000 രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിക്കുന്നവർക്ക് യാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റ് നിരക്കാണ് ടിഎ ആയി ലഭിക്കുക. 77,000 ന് മുകളിലാണെങ്കിൽ വിമാന ടിക്കറ്റ് നിരക്കും ക്ലെയിം ചെയ്യാം.
മുഖ്യമന്ത്രി പിണറായി വിജയന് 26 പേഴ്സണൽ സ്റ്റാഫുകളുണ്ട്. പ്രതിപക്ഷ നേതാവിന് 14 സ്റ്റാഫുകളും. ഇവരെ നിയമിക്കുന്നത് സർക്കാർ ഏജൻസിയോ റിക്രൂട്ട്മെന്റ് സംവിധാനമോ അല്ല. യോഗ്യതകൾ നോക്കാതെ എല്ലാം രാഷ്ട്രീയ നിയമനം. ഇത്തവണ 362 സ്റ്റാഫുകളെ ഉണ്ടായിരുന്നുള്ളു എന്നോർത്ത് ആശ്വസിക്കാം. കാരണം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ 623 പേരായിരുന്നു മന്ത്രിമാർക്കും കാബിനറ്റ് പദവിയിലുള്ളവരുടെ എണ്ണം എന്നോർത്ത് പരിതപിക്കുകയല്ലാതെ എന്ത് ചെയ്യാനാകും.
28 പേർ വരെ പേഴ്സണൽ സ്റ്റാഫ് ആകാമെന്നാണ് ചട്ടം. 1994ന് മുമ്പ് വരെ പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ ആനുകൂല്യങ്ങൾ ഉണ്ടായിരുന്നില്ല. കെ. കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് 1994 സെപ്റ്റംബർ 23 നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. ഇത് പ്രകാരം പരമാവധി പെൻഷൻ ലഭിക്കാൻ 30 വർഷവും കുറഞ്ഞ പെൻഷൻ ലഭിക്കാൻ മൂന്നുവർഷമെങ്കിലും പേഴ്സണൽ സ്റ്റാഫായി പ്രവർത്തിക്കണം. എന്നാൽ 29 വർഷത്തിലധികം സർവീസുണ്ടെങ്കിലം 30 വർഷം തികഞ്ഞില്ലെങ്കിലും പരമാവധി പെൻഷൻ നൽകാൻ വ്യവസ്ഥയുണ്ട്. ഇതേപോലെ മൂ്ന്നു വർഷം തികഞ്ഞില്ലെങ്കിലും അങ്ങനെ കണക്കാക്കി കുറഞ്ഞ പെൻഷനും അനുവദിക്കാം. ഈ സാധ്യത മുതലാക്കി ഒരു മന്ത്രിക്ക് രണ്ട് തവണ പേഴ്സണൽ സ്റ്റാഫുകളെ മാറ്റിയ ചരിത്രങ്ങളും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ നോക്കുമ്പോൾ കുറഞ്ഞ പെൻഷനായ 2400 രൂപയും ഡിആറും ലഭിക്കും. ഭാവിയിൽ പെൻഷൻ പുതുക്കുമ്പോൾ ഇതിന്റെ ആനുകൂല്യവും ലഭിക്കും.
ഗവർണർക്കും പേഴ്സണൽ സ്റ്റാഫ്
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെന്നപോലെ സംസ്ഥാനത്തെ ഗവർണറിനും പേഴ്സണൽ സ്റ്റാഫുകളുണ്ട്. ഇതിൽ നിയമനം നടത്തുന്നത് സർക്കാരാണ്. മന്ത്രിമാർക്കെന്നതുപോലെ രാഷ്ട്രീയക്കാരെ പേഴ്സണൽ സ്റ്റാഫിലേക്ക് നിയമിക്കാൻ സാധിക്കില്ല. ഏതെങ്കിലും രാഷ്ട്രീയ സംഘടനയിൽ സജീവമായി പ്രവർത്തുക്കുന്നയാൾക്ക് ഗവർണറുടെ പേഴ്സണൽ സ്റ്റാഫ് ആകാൻ സാധിക്കില്ല. ഗവർണറുടെ പേഴ്സണൽ സ്റ്റാഫ് ആകുന്നവരേ പറ്റി അന്വേഷണ റിപ്പോർട്ടടക്കം പരിഗണിച്ചാണ് നിയമനം നടത്തുക. ഗവർണർ നിർദ്ദേശിക്കുന്ന ആളിന് നിയമനം നൽകുന്ന രീതിയുമുണ്ട്.
ഗവർണറിന്റെ ഓഫീസിലെ ഭൂരിഭാഗം നിയമനങ്ങളും സർക്കാർ സർവീസിൽ നിന്നുള്ള ഡെപ്യൂട്ടേഷനാണ്. കേരള ഗവർണറിന്റെ സെക്രട്ടേറിയേറ്റ്, ഹൗസ് ഹോൾഡ്, ഡിസ്പെൻസറി എന്നിങ്ങനെ ആയി 151 സ്റ്റാഫുകളാണ് നിലവിലുള്ളത്. ഹരി എസ് കർത്തായുടെ നിയമനം ഉൾപ്പെടാതെയുള്ള കണക്കാണ് ഇത്. ഇതിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ എത്തുന്നവർ അതിന്റെ കാലാവധി കഴിയുമ്പോൾ തിരികെ സംസ്ഥാന സർവീസിലേക്ക് മടങ്ങി പോകും.
ഇതിൽ പെടാത്ത ഹരി എസ് കർത്തായുടെ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് തസ്തിക ഗവർണറുടെ കാലാവധി അവസാനിക്കുമ്പോൾ മാറും. ഇത് പുതിയതായി സൃഷ്ടിച്ച തസ്തികയാണ്. ഇത്തരം സ്റ്റാഫ് നിയമനങ്ങൾ ഗവർണറുടെ വിവേചനാധികാരമാണ്. പോലീസ് റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ഗവർണർ നിർദ്ദേശിക്കുന്ന ആളിന് സർക്കാർ നിയമനം നൽകുകയാണ് ചെയ്യുക. ഇവരുടെ ശമ്പളവും മറ്റും സർക്കാർ ആണ് വഹിക്കുന്നത്.
Content Highlights: appointment of personal staff of minister