അഗളി: കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് പുതിയ ജോലിയിൽ പ്രവേശിച്ചു. അട്ടപ്പാടി കേന്ദ്രീകരിച്ചു പ്രവൃത്തിക്കുന്ന സന്നദ്ധ സംഘടനയിൽ സി.എസ്.ആർ. ഡയറക്ടറായാണ് സ്വപ്നയുടെ നിയമനം. വെള്ളിയാഴ്ച രാവിലെ അവർ പുതിയ ജോലിയിൽ പ്രവേശിച്ചു. ജീവിതത്തിന്റെ രണ്ടാംഘട്ടം തുടങ്ങുകയാണെന്ന് ജോലിയിൽ പ്രവേശിക്കാനെത്തിയ അവർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ആദിവാസികളാണെങ്കിലും കോർപ്പറേറ്റുകളാണെങ്കിലും എല്ലാവരും മനുഷ്യരാണ്. അവർ നേരിടുന്ന പ്രശ്നങ്ങളെല്ലാം ഒന്നു തന്നെയാണ്. സ്ഥാപനവും ഓഫീസും ഒക്കെ മാത്രമേ മാറുന്നുള്ളൂ,മനുഷ്യ മനസുകൾ മാറുന്നില്ല. എവിടെ ആയാലും ജോലിചെയ്യും. കേസും ജോലിയും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നില്ല. ജോലിയിൽ ആരാണ് ഇനി ബുദ്ധിമുട്ടിക്കാൻ പോകുന്നതെന്ന് അറിയില്ല. അവയെല്ലാം ആ സമയത്ത് നേരിടുമെന്നും അവർ പറഞ്ഞു.
ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന എച്ച്.ആർ.ഡി.എസ്. (ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി) എന്ന സംഘടനയുടെ പാലക്കാട്ടെ ഓഫീസിലാണ് സ്വപ്ന ജോലിയിൽ പ്രവേശിച്ചത്. കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ (കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി-സി.എസ്.ആർ.) ഫണ്ടുകൾ വിനിയോഗിച്ചാണ് എച്ച്.ആർ.ഡി.എസ്.പ്രവർത്തനം നടത്തുന്നത്.
Content Highlights: swapna suresh joined new job