കൊച്ചി
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയിട്ട് വ്യാഴാഴ്ച അഞ്ചുവർഷം. 2017 ഫെബ്രുവരി 17ന് രാത്രിയാണ് നടിയെ തട്ടിക്കൊണ്ടുപോയത്. നടൻ ദിലീപിന്റെ നിർദേശപ്രകാരമാണ് ഇത് ചെയ്തതെന്ന് ഒന്നാംപ്രതി സുനിൽകുമാർ (പൾസർ സുനി) പൊലീസിന് നൽകിയ മൊഴികളും തെളിവുകളും കോളിളക്കം സൃഷ്ടിച്ചു. ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകിയ കേസ് രാജ്യത്ത് ആദ്യത്തേതായിരുന്നു. 2017 ഫെബ്രുവരി 23ന് പൾസർ സുനിയും കൂട്ടാളി വിജേഷും എറണാകുളം എസിജെഎം കോടതിയിൽ കീഴടങ്ങി. ഏപ്രിൽ 18ന് കുറ്റപത്രം സമർപ്പിച്ചു.
ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷയെയും 2017 ജൂൺ 28ന് 13 മണിക്കൂറാണ് ചോദ്യം ചെയ്തത്. ജൂലൈ 10ന് ദിലീപ് അറസ്റ്റിലായി. 85 ദിവസം ആലുവ സബ്ജയിലിൽ. നടിയോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ 2013ലാണ് സുനിക്ക് ദിലീപ് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് കണ്ടെത്തി. 14 പ്രതികളുള്ള കേസിന്റെ വിചാരണ പ്രത്യേക കോടതിയിൽ തുടരുകയാണ്. വിചാരണക്കിടെയുണ്ടായ പുതിയ വെളിപ്പെടുത്തലുകൾ വീണ്ടും ചർച്ചയായി.
ബാലചന്ദ്രകുമാർ രംഗത്ത്, ഒപ്പം വധഗൂഢാലോചന കേസും
നടിയെ ആക്രമിച്ച സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെ വീണ്ടും ക്രൈംബ്രാഞ്ച് കഴിഞ്ഞ ജനുവരി 25 മുതൽ 28 വരെ 33 മണിക്കൂർ ചോദ്യം ചെയ്തു. ദൃശ്യങ്ങൾ ദിലീപ് കണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചെന്നുമുള്ള സംവിധായകൻ പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് വീണ്ടും കുരുക്കായത്. കേസിൽ ഫെബ്രുവരി ഏഴിന് ഉപാധികളോടെ ഹൈക്കോടതി ദിലീപിന് മുൻകൂർ ജാമ്യം നൽകി.