തിരുവനന്തപുരം
കോവിഡ് പശ്ചാത്തലത്തിൽ ആറ്റുകാൽ പൊങ്കാല രണ്ടാംവർഷവും ക്ഷേത്രച്ചടങ്ങുകൾ മാത്രമായി ചുരുങ്ങി. ശനി രാവിലെ 10.50ന് മേൽശാന്തി പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ലക്ഷക്കണക്കിന് വിശ്വാസികൾ വീടുകളിൽ പൊങ്കാലയർപ്പിച്ചു.
ശ്രീകോവിലിൽനിന്ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി പി ഈശ്വരൻ നമ്പൂതിരിക്ക് കൈമാറി. തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ചശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്ക് കൈമാറി. രാവിലെ 10.5-0 ഓടെ സഹമേൽശാന്തി പണ്ടാരഅടുപ്പിൽ തീ പകർന്നു. ഈ സമയം ഉയർന്ന ചെണ്ടമേളം വീടുകളിൽ പൊങ്കാലയിടുന്നവർക്ക് സൂചനയായി. പകൽ 1.20ന് പണ്ടാരഅടുപ്പിലെ പൊങ്കാല നിവേദിച്ചു.
കോവിഡ് മാനദണ്ഡമുള്ളതിനാൽ നിരത്തുകളിലോ പൊതു ഇടങ്ങളിലോ പൊങ്കാലയുണ്ടായില്ല. കുത്തിയോട്ടം ആചാരപ്രകാരം മാത്രമായി. രാത്രി 10.30ഓടെ ദേവീവിഗ്രഹം പുറത്തെഴുന്നെള്ളിച്ചു. പൊങ്കാലയിലും നിവേദ്യ ചടങ്ങിലും മന്ത്രിമാരായ കെ രാധാകൃഷ്ണൻ, വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ശശി തരൂർ എംപി, എംഎൽഎമാരായ വി കെ പ്രശാന്ത്, എം വിൻസെന്റ് തുടങ്ങിയവർ സന്ദർശിച്ചു. വെള്ളി രാത്രി 9.45ന് കാപ്പഴിക്കൽ ചടങ്ങിനുശേഷം പുലർച്ചെ കുരുതിതർപ്പണത്തോടെ ഉത്സവത്തിന് സമാപനമാകും.