തിരുവനന്തപുരം
കോവിഡ് വ്യാപനതീവ്രത കുറയുന്ന സാഹചര്യത്തിൽ 21 മുതൽ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറിവരെയുള്ള ക്ലാസുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി. പല സംസ്ഥാനത്തും വിദ്യാലയ പ്രവർത്തനങ്ങൾ തടസ്സം നേരിട്ടപ്പോൾ കേരളത്തിൽ വിദ്യാർഥികളെ പഠനപാതയിൽ ഉറപ്പിച്ച് നിർത്താനും ഉപരിപഠനത്തിന് അവസരമൊരുക്കാനും വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടി അഭിനന്ദനാർഹമാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അക്കാദമിക്–- ഭൗതിക മേഖലകളിൽ എൽഡിഎഫ് സർക്കാർ നടത്തിയ മികച്ച ഇടപെടലിനെത്തുടർന്ന് ഒമ്പതുലക്ഷത്തോളം കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിക്കാനായി. കോവിഡ് പ്രയാസങ്ങൾക്കിടയിലും ഡിജിറ്റൽ, ഓൺലൈൻ ക്ലാസുകളിലൂടെ മികച്ച പഠനാനുഭവം പ്രദാനം ചെയ്യാൻ സംസ്ഥാനത്തിനായി. ദേശീയാടിസ്ഥാനത്തിൽ നടന്ന എല്ലാ വിലയിരുത്തൽ സൂചികയിലും തുടർച്ചയായി കേരളം ഒന്നാം സ്ഥാനത്താണ്.
10, 12 ക്ലാസുകളിലെ പൊതുപരീക്ഷാ സമയവും ഒന്നുമുതൽ ഒമ്പതു വരെയുള്ള ക്ലാസുകളിൽ വാർഷിക പരീക്ഷ നടത്തുമെന്നുമുള്ള വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനവും വലിയ പ്രതീക്ഷയോടെയാണ് കുട്ടികളും രക്ഷിതാക്കളും സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ പൊതുഅവധി അല്ലാത്ത ശനിയാഴ്ചകളടക്കം കണ്ടെത്തി അധിക പഠനപിന്തുണാ പ്രവർത്തനങ്ങളിലേർപ്പെടണം. 19, 20 തീയതികളിൽ വിദ്യാലയങ്ങൾ സമൂഹ പങ്കാളിത്തത്തോടെ ശുചീകരിക്കാനും അണുനശീകരണം നടത്താനും കുടിവെള്ളസൗകര്യം പ്രദാനം ചെയ്യാനും യാത്രാസൗകര്യം ഒരുക്കാനും എല്ലാ അധ്യാപകരും രംഗത്തിറങ്ങണമെന്നും കെഎസ്ടിഎ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ പ്രസ്താവനയിൽ അഭ്യർഥിച്ചു.















