കൊല്ലം
പഴയ മൊബൈൽഫോൺ നമ്പർ ഉപയോഗിച്ച് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടിയ സംഘത്തിലെ മൂന്നുപേരെക്കൂടി കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടി. കരുമാല്ലൂർ തടിക്കകടവ് ജുമാ മസ്ജിദിനു സമീപം കുട്ടുങ്ങപറമ്പിൽ ഇബ്രാഹിം (ഉമ്പായി–-34), മൂവാറ്റുപുഴ മുളവൂർ വട്ടക്കാട്ട് കുടിയിൽ മൊയ്തീൻഷാ (32), പെരുമ്പാവൂർ കാഞ്ഞിരക്കാട് പുതുക്കാടൻ ഷാമോൻ (ഷാമൽ–-31) എന്നിവരാണ് പിടിയിലായത്. ഇവരെ റിമാൻഡ് ചെയ്തു. ഇബ്രാഹിം നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ്. കേസിൽ കാഞ്ഞിരക്കാട് പുതുക്കാടൻവീട്ടിൽ ഷാനവാസ് (29) നേരത്തെ പിടിയിലായിരുന്നു.
തിരുമുല്ലവാരം സ്വദേശിനിയുടെ കൊല്ലം ഫെഡറൽ ബാങ്കിലെ അക്കൗണ്ടിലെ 8.16 ലക്ഷം രൂപയാണ് തട്ടിയത്. അക്കൗണ്ട് തുറന്ന കാലയളവിൽ ഇവർ നൽകിയ മൊബൈൽ നമ്പർ ദീർഘകാലം ഉപയോഗിക്കാത്തതിനെ തുടർന്ന് സിം മരവിപ്പിച്ചു. കാലവധി കഴിഞ്ഞ ഈ നമ്പറിൽ പെരുമ്പാവൂരിൽ നിന്ന് സിംകാർഡ് എടുത്താണ് തട്ടിപ്പ് നടത്തിയത്. ബാങ്കിൽ രജിസ്റ്റർ ചെയ്തിരുന്ന ഈ നമ്പരിലേക്ക് വന്ന മെസേജുകൾ ഉപയോഗിച്ച് ഇവർ മൊബൈൽ ബാങ്കിങ്ങിലേക്ക് കടക്കാനുള്ള വിവരങ്ങൾ കരസ്ഥമാക്കി.
ഇത് ഉപയോഗിച്ച് ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. ആലുവ വെസ്റ്റ് പൊലീസ് സഹായത്തോടെയാണ് ആലുവയിൽ നിന്ന് മൂന്നുപേരെയും കൊല്ലം സിറ്റി പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് കഞ്ചാവ് കണ്ടെടുത്തു. ഇതിൽ ആലുവ വെസ്റ്റ് സ്റ്റേഷനിൽ കേസ് എടുത്തു. തുടർന്ന് പ്രതികളെ കൊല്ലത്ത് എത്തിച്ചു.
നമ്പർ ഉപയോഗിക്കുന്നില്ലെങ്കിൽ അറിയിക്കണം
ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പരുകൾ നഷ്ടപ്പെടുമ്പോൾ ആ വിവരം ബാങ്കുകളെ അറിയിക്കാതിരിക്കുന്നതാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് കാരണമാകുന്നത്. ഇത്തരം വിവരങ്ങൾ ഉടൻ അക്കൗണ്ടുകളുള്ള ധനകാര്യ സ്ഥാപനങ്ങളിലേക്ക് അറിയിക്കുന്നത് തട്ടിപ്പുകൾ തടയാൻ സഹായിക്കുമെന്ന് പൊലീസ് അറിയിച്ചു.