തിരുവനന്തപുരം
വെള്ളിയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ ഏറെ നേരത്തെ അനിശ്ചിതത്വത്തിനുശേഷം ഗവർണർ ആരിഫ് മൊഹമ്മദ്ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ടു. രാവിലെ ഒമ്പതിന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തും. ഇതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും.
മന്ത്രിസഭ അംഗീകരിച്ച പ്രസംഗം ഗവർണർ ഒപ്പിട്ട് തിരികെ സർക്കാരിലേക്ക് അയക്കണമെന്നാണ് ചട്ടം. സ്പീക്കർ എം ബി രാജേഷ് കീഴ്വഴക്കപ്രകാരം ബുധനാഴ്ച രാജ്ഭവനിലെത്തി ഗവർണറെ ക്ഷണിച്ചു. വ്യാഴം പകൽ ഒന്നോടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറെ സന്ദർശിച്ചു.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ വ്യാഴം വൈകിട്ടും ഒപ്പിടാൻ ഗവർണർ തയ്യാറാകാത്തത് അനിശ്ചിതത്വത്തിന് ഇടയാക്കി. ഹരി എസ് കർത്തായെ അഡീഷണൽ പിഎ ആക്കണമെന്ന ഗവർണറുടെ നിർദേശം കഴിഞ്ഞ ദിവസം സർക്കാർ അംഗീകരിച്ചിരുന്നു. സജീവ രാഷ്ട്രീയത്തിലുള്ളയാളെ രാജ്ഭവനിൽ നിയമിക്കുന്നതിലെ വിയോജനക്കുറിപ്പും സർക്കാർ ഇതോടൊപ്പം നൽകി. ഇത് പുറത്തായതാണ് ഗവർണറുടെ പ്രകോപനത്തിന് കാരണമെന്ന് പറയുന്നു. കുറിപ്പിൽ ഒപ്പിട്ട പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആർ ജ്യോതിലാലിനെ വൈകിട്ടോടെ തൽസ്ഥാനത്തുനിന്ന് നീക്കി ശാരദ മുരളീധരന് ചുമതല നൽകി. തുടർന്ന്, ഗവർണർ പ്രസംഗത്തിൽ ഒപ്പിട്ടു.
നയപ്രഖ്യാപനത്തിനുശേഷം വെള്ളിയാഴ്ച സഭ പിരിയും. രണ്ടാംദിവസമായ തിങ്കൾ പി ടി തോമസിന് ചരമോപചാരം അർപ്പിച്ച് പിരിയും. തുടർന്ന്, മൂന്നുദിവസം നന്ദി പ്രമേയത്തിൽ ചർച്ച. 25 മുതൽ മാർച്ച് 10 വരെ സഭ ചേരില്ല. 11ന് ബജറ്റ് അവതരിപ്പിക്കും. രണ്ടു ദിവസം സർക്കാർ കാര്യങ്ങൾക്കാണ്. 14 ദിവസത്തെ സമ്മേളനമാണ് നിശ്ചയിച്ചിട്ടുള്ളത്.















