കൊൽക്കത്ത
ഏകദിനത്തിനുപിന്നാലെ വെസ്റ്റിൻഡീസിനെതിരായ ട്വന്റി–-20 പരമ്പരയും ഉറപ്പിക്കാൻ ഇന്ത്യ. മൂന്ന് മത്സര പരമ്പരയിലെ ആദ്യ കളി ആറ് വിക്കറ്റിന് ജയിച്ച ഇന്ത്യക്ക് ഇന്നും മികവ് ആവർത്തിച്ചാൽ പരമ്പര നേടാം. ഈഡൻ ഗാർഡനിൽ രാത്രി ഏഴിനാണ് രണ്ടാം ട്വന്റി–-20. രവി ബിഷ്ണോയിയുടെയും ക്യാപ്റ്റൻ രോഹിത് ശർമയുടെയും കരുത്തിലാണ് ഇന്ത്യ ആദ്യകളി സ്വന്തമാക്കിയത്. ടോസ് നേടിയാൽ ഫീൽഡിങ്ങാകും ഇരുടീമുകളും തെരഞ്ഞെടുക്കുക. ബാറ്റർമാർക്കും സ്പിന്നർമാർക്കും പിച്ചിൽ മേധാവിത്തമുണ്ട്.
യുശ്-വേന്ദ്ര ചഹാൽ–-ബിഷ്ണോയ് സ്പിൻ സഖ്യത്തിലാണ് ഇന്ത്യൻ പ്രതീക്ഷകൾ. ബാറ്റിൽ വിരാട് കോഹ്ലി വലിയ റൺ കണ്ടെത്തുന്നില്ല. തുടർച്ചയായ കളികളിൽ മുൻ ക്യാപ്റ്റൻ വിഷമിക്കുകയാണ്. ഫിനിഷറായി സൂര്യകുമാർ യാദവിന്റെ വരവ് ഇന്ത്യക്ക് ഗുണം ചെയ്യും. ദീപക് ചഹാറിന് പകരം മുഹമ്മദ് സിറാജോ ആവേശ് ഖാനോ കളിക്കും. വെങ്കിടേഷ് അയ്യർക്ക് പകരം ശാർദൂൽ ഠാക്കൂറിനും സാധ്യതയുണ്ട്. മറുവശത്ത് ബാറ്റർമാർ മിന്നാത്തതാണ് വിൻഡീസിന് തലവേദന. നിക്കോളാസ് പുരാനൊഴികെ മറ്റാർക്കും ആദ്യ മത്സരത്തിൽ പിടിച്ചുനിൽക്കാനായില്ല.















