വാഷിങ്ടൺ
ചൊവ്വാദൗത്യ പേടകം പെഴ്സിവിറന്സ് റോവര് ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയതിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനൊരുങ്ങി നാസ. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 2.30നാണ് ആഘോഷം. ഇത് നാസയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തത്സമയം സംപ്രേഷണം ചെയ്യും. പ്രേക്ഷകർക്കായി യുട്യൂബ് ലിങ്കും പങ്കുവച്ചു.
2021 ഫെബ്രുവരി 18നാണ് റോവര് ചൊവ്വയിലെ വടക്കന്മേഖലയായ ജെസീറോ ക്രേറ്ററില് ഇറങ്ങിയത്. ചൊവ്വയില് ജീവന്റെ തെളിവുകള് അന്വേഷിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. റോവർ ശേഖരിക്കുന്ന സാമ്പിളുകൾ 2030ന് ഭൂമിയിൽ തിരികെയെത്തും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനകം ചൊവ്വയുടെ നിരവധി ചിത്രങ്ങൾ റോവർ അയച്ചു.
2020 ജൂലൈ 30ന് വിക്ഷേപിച്ച ദൗത്യം ഏഴ് മാസത്തിനുള്ളില് 48 കോടി കിലോമീറ്റര് സഞ്ചരിച്ചാണ് ചൊവ്വയിലെത്തിയത്. 300 കോടി ഡോളറാണ് ദൗത്യത്തിന്റെ ചെലവ്.















