വാഷിങ്ടൺ
റഷ്യൻ വിരുദ്ധത ഉക്രയ്ൻ വിഷയത്തിൽ വാസ്തവം വെളിപ്പെടുത്താൻ അമേരിക്കയ്ക്ക് തടസമാകുന്നുവെന്ന് യുഎസിലെ റഷ്യൻ എംബസി. ഉക്രയ്ൻ വിഷയത്തിൽ തെറ്റിദ്ധാരണ പടർത്തുന്നത് റഷ്യയാണെന്ന് പറയുന്ന യുഎസ് വിദേശ വകുപ്പ് വക്താവിന്റെ അഭിമുഖം ചൂണ്ടിക്കാട്ടിയായിരുന്നു എംബസിയുടെ പ്രതികരണം. സ്വന്തം മണ്ണിൽ സൈന്യത്തെ എങ്ങനെ വിന്യസിക്കുമെന്നതിൽ അമേരിക്കയുടേതെന്നല്ല, മറ്റാരുടെയും പരാതികൾ പരിഗണിക്കുന്നില്ലെന്നും ക്രെമിലിൻ പ്രതികരിച്ചു. എന്നാൽ, ഉക്രയ്ൻ സുരക്ഷയെ സംബന്ധിച്ച് മറുപടി അമേരിക്കയ്ക്ക് അയച്ചതായി റഷ്യൻ പ്രതിരോധമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. ഉടൻ ഇത് പുറത്തുവിടും.
സൈനിക ടാങ്ക് യൂണിറ്റും അതിർത്തിയിൽനിന്ന് മടങ്ങുന്നതായി പ്രതിരോധമന്ത്രലായം വ്യാഴാഴ്ച അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ റഷ്യൻ സൈന്യം യുദ്ധപരിശീലനം പൂർത്തിയാക്കി മടങ്ങിത്തുടങ്ങിയിട്ടും പാശ്ചാത്യ രാജ്യങ്ങൾ യുദ്ധഭീതി പടർത്തുന്നത് തുടരുകയാണ്. സൈന്യം മടങ്ങുകയണെന്ന് റഷ്യ പറയുമ്പോഴും അതിന് തെളിവില്ലെന്ന് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺഡെർ ലെയ്ൻ പ്രതികരിച്ചു.
റഷ്യയുടെ പ്രസ്താവനയിൽ പാശ്ചാത്യ രാജ്യങ്ങൾ വഞ്ചിതരാകരുതെന്നായിരുന്നു ബ്രിട്ടൻ വിദേശ സെക്രട്ടറി ലിസ് ട്രസിന്റെ പ്രതികരണം.















