കൊച്ചി
കൊച്ചി മെട്രോ പാളത്തിനുണ്ടായ നേരിയ ചരിവ് തൂണിന്റെ പൈൽ ഉറപ്പിച്ചിരിക്കുന്ന പാറയ്ക്കുണ്ടായ ലഘു വ്യതിയാനത്താലെന്ന് പ്രാഥമിക നിഗമനം. ഇടപ്പള്ളി പത്തടിപ്പാലത്ത് 347––ാം തൂണിനുസമീപമാണ് ചരിവ്.
കൂടുതൽ സാങ്കേതിക പരിശോധന നടക്കുകയാണ്. ഇവിടെ ട്രെയിൻ വേഗംകുറച്ചാണ് ഓടുന്നത്. ഏഴു മീറ്റർ ആഴത്തിലാണ് പൈൽ. ഇതിനുമുകളിലുള്ള പൈൽ ക്യാപ്പിൽനിന്നാണ് മെ ട്രോയുടെ തൂണ്(പിയർ). ഒരു തൂണിന് അടിയിൽ നാല് പൈലുണ്ട്. 347––ാം തൂണിന്റെ പൈൽ പാറയ്ക്കുമുകളിലാണ്. ഇതിന് വ്യതിയാനമുണ്ടായോ എന്നാണ് പരിശോധിക്കുന്നത് ഇതിനൊപ്പം മണ്ണിന്റെ ഘടനയും പരിശോധിക്കും. ഡിഎംആർസി സാങ്കേതികവിദഗ്ധരുടെ സഹായവും തേടി.
രണ്ടാഴ്ചമുമ്പ് പതിവ് സാങ്കേതിക പരിശോധനയിലാണ് ചരിവ് കണ്ടെത്തിയത്. പ്രശ്നം മെട്രോ സർവീസിനെ ബാധിക്കില്ലെന്ന് കെഎംആർഎൽ അറിയിച്ചു. യാത്രക്കാർ ആശങ്കപ്പെടേണ്ടതില്ല.















