തിരുവനന്തപുരം: സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഉയർന്ന ശമ്പളത്തിൽ ജോലി. പാലക്കാട് ആസ്ഥാനമായ ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി എന്ന എൻജിഒയിലാണ് സ്വപ്ന സുരേഷ് ജോലിയിൽ പ്രവേശിച്ചത്. മാസം 43000 രൂപയോളം ശമ്പളം ലഭിക്കും.
ഈ മാസം 12-നാണ് സ്വപ്നയ്ക്ക് നിയമനം നൽകികൊണ്ടുള്ള ഓഫർ ലെറ്റർ ആയച്ചത്. ഓഫർ സ്വപ്ന സ്വീകരിച്ചിട്ടുമുണ്ട്. നിലവിൽ എന്ന് ജോലിയിൽ പ്രവേശിക്കുമെന്ന് വ്യക്തമല്ല. വ്യക്തിപരമായും ആരോഗ്യപരവുമായുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓഫീസിൽ എത്തുന്നതിന് സാവകാശം തേടിയിട്ടുണ്ട്.
കേരളം തമിഴ്നാട്, കർണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ- ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന എൻജിഒ ആണ് ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി. ബിജെപി നേതാവായ ഡോ. എസ് കൃഷ്ണ കുമാർ ഐഎഎസ് ആണ് ഇതിന്റെ പ്രസിഡന്റ്.
ഇരു സംസ്ഥാനങ്ങളിലുമുള്ള ഗ്രാമീണരും ആദിവാസികളുമായ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ട് 1997ലാണ് ഈ സൊസൈറ്റി സ്ഥാപിക്കപ്പെട്ടതെന്ന് ഇവരുടെ വെബ്സൈറ്റ് പറയുന്നു. ആദിവാസി ക്ഷേമം, ചെറുകിട വായ്പാ- നിക്ഷേപ പദ്ധതികൾ, സാധാരണക്കാർക്കുള്ള ഭവന പദ്ധതികൾ, പട്ടുനൂൽ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പ്രകൃതി ദുരന്തങ്ങളിൽ പെട്ടവർക്കുള്ള സഹായം എന്നിവയൊക്കെയാണ് ഈ സൊസൈറ്റിയുടെ പ്രവർത്തന മേഖല.
പാലക്കാട് ചന്ദ്രനഗറിലാണ് ഇതിന്റെ ആസ്ഥാനം. നിലവിലെ പ്രസിഡന്റായ കൃഷ്ണ കുമാർ മുൻ കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്നു. 2019ൽ ബിജെപിയിൽ ചേരുകയായിരുന്നു.
Content Highlights: Kerala Gold Smuggling Accused Swapna Suresh Secures Job In Attapady based Charity Firm