മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തിയാണ് ഗവർണർക്ക് കൈമാറിയത്. ഈ സമയത്താണ് ഗവർണർ തന്റെ നിലപാട് വ്യക്തമാക്കിയത്. വെള്ളിയാഴ്ച രാവിലെ നടക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന് വ്യാഴാഴ്ച വൈകിയിട്ടും ഗവർണർ അംഗീകാരം നൽകിയിരുന്നില്ല. ഗവർണറുമായി മുഖ്യമന്ത്രി ചർച്ച നടത്തി.
സ്ഥിരം ജീവനക്കാർ പങ്കാളിത്ത പെൻഷൻ തുക നൽകുമ്പോൾ മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫിന് പെൻഷൻ തുക നൽകുന്നത് ശരിയല്ലെന്നാണ് ഗവർണറുടെ നിലപാട്. നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ഗവർണർക്ക് വിയോജിപ്പ് ഉണ്ടായിരുന്നില്ല.
പാർട്ടി കേഡറിനെ വളർത്താൻ പെൻഷൻ തുക അനുവദിക്കുകയാണെന്നാണ് ഗവർണറുടെ ആരോപണം. പേഴ്സണൽ സ്റ്റാഫിനെ ഇഷ്ടം പോലെ നിയമിച്ച് അവർക്ക് ശമ്പളവും പെൻഷനും സർക്കാർ നൽകുകയാണെന്ന് ഗവർണർ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ് കർത്തയെ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിനോട് സർക്കാർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുമാർക്കെതിരെയുള്ള ഗവർണറുടെ പ്രതികരണം.
ഗവർണറുടെ പേഴ്സണൽ സ്റ്റാഫായി ഹരി എസ് കർത്തയെ നിയമിച്ചതു സംബന്ധിച്ച് സർക്കാർ വിയോജിപ്പ് പ്രകടിപ്പിച്ചത് ഗവർണറെ ചൊടിപ്പിച്ചെന്നാണ് സൂചന. സർക്കാരിനുവേണ്ടി വിയോജന കുറിപ്പ് നൽകിയ പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതിലാലിനെ സ്ഥാനത്തു നിന്നും മാറ്റിയ ഉത്തരവ് പുറപ്പെടുവിച്ച ശേഷമാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവെച്ചത്.