തിരുവനന്തപുരം: ഗവർണർക്ക് ചാൻസിലർ പദവി വേണ്ടെന്ന് സംസ്ഥാനം. പൂഞ്ചി കമ്മറ്റി റിപ്പോർട്ടിലെ ശുപാർശയ്ക്കുള്ള മറുപടിയിലാണ് സർക്കാർ ഈ നിലപാടറിയിച്ചത്. ഗവർണർക്ക് ഭരണഘടനാപരമായ അധികാരങ്ങൾ തുടരാം. ചാൻസിലർ പദവി ഭരണഘടനയ്ക്ക് പുറത്തുള്ള അധികാരമാണെന്നും സംസ്ഥാന സർക്കാർ മറുപടിയിൽ വ്യക്തമാക്കുന്നു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിക്കാനായി യു.പി.എ സർക്കാരിന്റെ കാലത്ത് നിയോഗിച്ച കമ്മിറ്റിയാണ് ജസ്റ്റിസ് മദൻമോഹൻ പൂഞ്ചിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് നേരത്തെ സമർപ്പിച്ചിരുന്നു. കേന്ദ്ര -സംസ്ഥാന ബന്ധങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതിനെ സംബന്ധിച്ചുള്ള നിർണായക പരാമർശങ്ങൾ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിൽ ഗവർണറുടെ അധികാരവുമായി ബന്ധപ്പെട്ട പരാമർശങ്ങളിലാണ് സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിച്ചിരിക്കുന്നത്.
ഇതിനുള്ള മറുപടിയിലാണ് സംസ്ഥാന സർക്കാർ ഗവർണറുടെ അധികാരവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കിയത്. ഇതിന് മറുപടി തയ്യാറാക്കാനായി സംസ്ഥാന സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആ കമ്മിറ്റിയുടെ ശുപാർശ പരിഗണിച്ചാണ് സംസ്ഥാന സർക്കാർ മറുപടി തയ്യാറാക്കിയത്. ഗവർണറുടെ ചാൻസിലർ പദവി തുടരേണ്ട എന്നതാണ് സർക്കാർ തയ്യാറാക്കിയ മറുപടിയിലെ പ്രധാന നിർദേശം. ഭരണഘടനാപരമായ ഗവർണറുടെ അധികാരങ്ങൾ നിലനിർത്തിക്കൊണ്ട് ചാൻസിലർ പദവി എടുത്ത് കളയണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ വിഷയത്തിൽ ഗവർണറും സർക്കാരും തമ്മിൽ വലിയ ഏറ്റുമുട്ടലുകൾ നടന്ന സാഹചര്യത്തിൽ കൂടിയാണ് സർക്കാർ ഈ നിലപാട് സ്വീകരിച്ചത്. നേരത്തെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു.
സംസ്ഥാനങ്ങളിൽ നിന്നുള്ള രാജ്യസഭ എം.പിമാരുടെ എണ്ണം വർധിപ്പിക്കണമെന്നും ജസ്റ്റിസ് മദൻമോഹൻ പൂഞ്ചി കമ്മറ്റി ശുപാർശ ചെയ്തിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇതിനോട് വിയോജിച്ചു. ഈ ശുപാർശ അംഗീകരിക്കണ്ട എന്നാണ് സംസ്ഥാന സർക്കാർ മറുപടിയിൽ പറയുന്നത്. രാജ്യസഭ എം.പിമാരുടെ എണ്ണം വർധിപ്പിക്കുന്നത് സംസ്ഥാനത്തിന് സാമ്പത്തിക ചിലവ് കൂട്ടുമെന്നതിനാലാണ് സർക്കാർ ഇതിനോട് വിയോജിച്ചത്.
Content Highlights: Kerala government, Governor, chancellor post