തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ ലോകായുക്ത നിയമഭേദഗതിയിൽ എതിർപ്പറിയിച്ച് സിപിഐ മന്ത്രിമാർ. ജനുവരി 19-ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് പാസാക്കിയത്. ഇത്തരമൊരു ഓർഡിനൻസ് കൊണ്ടുവരുമ്പോൾ വേണ്ടത്ര രാഷ്ട്രീയ ആലോചനയും ഉണ്ടായില്ലെന്നും സിപിഐ മന്ത്രിമാർ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ അറിയിച്ചു.ഓർഡിനൻസ് ഭരണഘടനാവിരുദ്ധമാണെന്നാണ് സിപിഐയുടെ നിലപാട്.
പാർട്ടി ചുമതലപ്പെടുത്തിയതനുസരിച്ചാണ് ഇത്തരമൊരു വിയോജിപ്പ് പ്രകടമാക്കുന്നത് എന്ന മുഖവരയോട് കൂടിയാണ് റവന്യൂ മന്ത്രി കെ.രാജൻ സിപിഐ നിലപാട് വ്യക്തമാക്കിയത്. സിപിഐയുടെ മറ്റു മന്ത്രിമാർ രാജനെ പിന്തുണക്കുകയും ചെയ്തു.
എന്നാൽ ഇതിന് മറുപടി നൽകിയ മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധത സംബന്ധിച്ച വിശദീകരണത്തിന് തയ്യാറായില്ല. നേരത്തെ മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിച്ചപ്പോൾ സിപിഐ മന്ത്രിമാർ എതിർപ്പ് പ്രകടിപ്പിക്കാത്തത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. ഇത് സംബന്ധിച്ച പഠിക്കാൻ സമയം ആവശ്യപ്പെട്ടതനുസരിച്ച് ഒരു തവണ വിഷയം മാറ്റിവെച്ചിരുന്നു, പിന്നീട് പരിഗണനക്ക് വന്നപ്പോൾ സിപിഐ മന്ത്രിമാർ എതിർപ്പ് പ്രകടിപ്പിച്ചതുമില്ല. തീരുമാനമെടുത്ത ശേഷം അതിനെതിരെപ്രതികരണം നടത്തുന്നത് ശരിയല്ലല്ലോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. മൃദുവായ ഭാഷയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതേ നിയമഭേദഗതി ഗവർണർ അംഗീകരിച്ച സാഹചര്യത്തിൽ നിലവിൽ സർക്കാരിന് മുന്നിൽ ഇത് സംബന്ധിച്ച പ്രതിസന്ധിയില്ല.