തിരുവനന്തപുരം> കനോലി കനാല് വികസനത്തിനു 1118 കോടി രൂപ അനുവദിക്കാനുള്ള സംസ്ഥാന സര്ക്കാര് തീരുമാനം കോഴിക്കോടിന്റെ മാത്രമല്ല സംസ്ഥാനത്തിന്റെ തന്നെ ടൂറിസം വികസനത്തില് വലിയ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന ജലപാതയുടെ ഭാഗമായി വരുന്ന മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട കനാലാണ് കോഴിക്കോട് ജില്ലയിലെ കനോലി കനാല്. കോഴിക്കോടിനെ ഒരു കനാല്സിറ്റി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന പദ്ധതിയാണ് ഒരുങ്ങുന്നത്. തിരുവനന്തപുരം മുതല് കാസര്ഗോഡ് വരെ ദേശീയപാതാ വികസനത്തോടൊപ്പം തന്നെ ജലപാതയും നമുക്ക് കൊണ്ടുവരാന് സാധിക്കും.
ജലപാത വീണ്ടെടുക്കാനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനത്തിന്റെ ഭാഗമായി കഴിഞ്ഞ സര്ക്കാരിന്റെ കാലത്തുതന്നെ പ്രവര്ത്തനങ്ങള് ആരംഭിച്ചിരുന്നു. വെസ്റ്റ് കോസ്റ്റ് കനാല് വികസനം എന്ന പേരില് കേരളത്തിലെ എല്ലാ കനാലുകളും വീണ്ടെടുത്ത് ജലപാത യാഥാര്ത്ഥ്യമാക്കുന്ന പ്രവര്ത്തനമാണ് നടന്നുവരുന്നത്. കോഴിക്കോട് ജില്ലയിലെ കനോലി കനാല് ജലപാതയുടെ മുഖ്യ ആകര്ഷണമാണ്.
നിലവിലുള്ള കനാല് ആധുനിക നിലവാരത്തില് നവീകരിക്കുമ്പോള് അത് കനാലിന്റെ വീണ്ടെടുപ്പ് കൂടിയാവും. അതോടെ വെള്ളപ്പൊക്ക പ്രശ്നങ്ങള്ക്ക് ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരക്ക് ഗതാഗതത്തോടൊപ്പം തന്നെ മനോഹരമായ കനാലിലൂടെയുള്ള യാത്ര ടൂറിസത്തിന് വലിയ പ്രതീക്ഷയാണ് നല്കുന്നത്. പ്രാദേശികമായി തൊഴിലവസരവും ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.