കൊച്ചി : പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ അഭിനയിച്ച ഏറ്റവും പുതിയ തമിഴ് ചിത്രമായ ഹേ സിനാമികയുടെ ഒഫീഷ്യൽ ട്രെയ്ലർ മാധവനും കാർത്തിയും ചേർന്ന് പുറത്തിറക്കി. ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേ സിനാമിക. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇപ്പോൾ സൂപ്പർഹിറ്റായി തീർന്നിരിക്കുകയാണ്. മേഘം എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ രചിച്ചത് മദൻ കർക്കിയും സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയുമാണ്. ദുൽഖർ സൽമാനും അദിതി റാവുവുമാണ് ഈ ഗാനത്തിൽ പ്രണയ ജോഡികൾ. മാർച്ച് മൂന്നിന് ചിത്രം റിലീസ് ചെയ്യും.
കാജൽ അഗർവാളും അദിതി റാവു ഹൈദരിയും നായികമാരായ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്സൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു എന്നിവരാണ്. ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും വയാകോം മോഷൻ പിക്ചേഴ്സും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖറിന്റെ സ്വന്തം പ്രൊഡക്ഷൻ ബാനർ ആയ വേഫേറർ ഫിലിംസ് ആണ്.
















