കണ്ണൂർ
വിവാഹാഘോഷത്തിനിടെ സ്ഫോടനത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതികളെ സഹായിക്കാൻ സായുധ സംഘമെത്തിയതായി പൊലീസ്.
മിഥുന്റെ ആവശ്യപ്രകാരമാണ് വടിവാളുമായി സനാഥും സംഘവും വിവാഹവീടിനടുത്ത് എത്തിയത്. അറസ്റ്റിലായ ഏച്ചൂരിലെ മിഥുനാണ് സംഭവങ്ങളുടെ പ്രധാന ആസൂത്രകനെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി വിവാഹവീട്ടിൽ പാട്ടും നൃത്തവും നടക്കുന്നതിനിടെയാണ് കശപിശയുണ്ടായത്. സംഘർഷത്തിനിടെ മിഥുനും തോട്ടട സ്വദേശിയും തമ്മിൽ അടിനടന്നു. ഇതിനു തിരിച്ചടിയുണ്ടാകുമെന്ന നിഗമനത്തിലാണ് മിഥുനും സംഘവും ബോംബ് നിർമിച്ചതും സഹായത്തിന് മറ്റൊരു സംഘത്തെ വിളിച്ചതും.
ശനിയാഴ്ച രാത്രി വെടിമരുന്ന് സംഘടിപ്പിച്ചാണ് ഏച്ചൂർ വാണിയംചാലിൽ മിഥുന്റെ വീട്ടുപരിസരത്തുനിന്ന് മൂന്ന് ബോംബുണ്ടാക്കിയത്. മിഥുനും അക്ഷയും ഗോകുലും ചേർന്നാണു ബോംബ് നിർമിച്ചത്. ഇവ പൊട്ടിച്ച് പരീക്ഷിക്കുകയുമുണ്ടായി. കൊല്ലപ്പെട്ട ജിഷ്ണു ഉൾപ്പെടെ ഏച്ചൂരിൽനിന്ന് വിവാഹത്തിനെത്തിയ സംഘത്തിലെ ആർക്കും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. രാത്രിതന്നെ സനാഥിനോട് പിറ്റേന്ന് സഹായത്തിനെത്തണമെന്ന് മിഥുൻ ആവശ്യപ്പെട്ടിരുന്നു. ഞായർ രാവിലെ സനാഥിനോടു വരേണ്ടെന്നു പറഞ്ഞെങ്കിലും ഉച്ചയോടെ വീണ്ടും വിളിച്ച് തോട്ടടയിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. ആയുധങ്ങൾ കരുതണമെന്നും ആവശ്യപ്പെട്ടു. കല്ലുമ്മക്കായ വിളവെടുത്തു മടങ്ങുന്ന വഴിയാണു സനാഥും സംഘവും കാറിൽ വടിവാൾ സഹിതം തോട്ടടയിലെത്തിയത്.
വരന്റെ വീട്ടിലേക്ക് വിവാഹപാർട്ടി പോകുന്നതിനിടെ തോട്ടടയിലെ മുപ്പതോളം പേർ ചേർന്ന് ഏച്ചൂരിൽനിന്നുള്ളവരെ തടഞ്ഞു. വരന്റെ വീട്ടിൽ കയറാൻ ഏച്ചൂരിൽനിന്നുള്ളവരെ സമ്മതിക്കില്ലെന്നു പറഞ്ഞതോടെ സംഘർഷമായി. മിഥുന് മർദനമേറ്റതോടെ ഇരുസംഘങ്ങളും തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ മിഥുൻ സനാഥിന്റെ കാറിൽനിന്നു വടിവാളെടുത്ത് എതിരാളികൾക്കുനേരെ വീശി. ഇവർ പിന്തിരിഞ്ഞോടുന്നതിനിടെയാണ് അക്ഷയ് ബോംബെറിഞ്ഞത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതായും ഫോൺകോൾ വിശദാംശങ്ങളടക്കം ശേഖരിച്ചതായും സിറ്റി അസി. കമീഷണർ പി പി സദാനന്ദൻ പറഞ്ഞു.















