പാരിസ്
ഇതാ, കിലിയൻ എംബാപ്പെയുടെ പ്രഖ്യാപനം. ലയണൽ മെസിയെയും നെയ്മറെയും സാക്ഷിയാക്കി പാരിസിൽ എംബാപ്പെയുടെ തേരോട്ടം. ചാമ്പ്യൻസ് ലീഗ് ആദ്യപാദ പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിന്റെ നെഞ്ച് തുളച്ച് എംബാപ്പെ പാരിസ് വാണു. പരിക്കുസമയത്ത് തൊടുത്ത ഗോളിൽ ഇരുപത്തിമൂന്നുകാരൻ പിഎസ്ജിയുടെ ജയം കുറിച്ചു.
കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേയായിരുന്നു അസാധ്യമെന്ന് തോന്നിച്ച ജയം എംബാപ്പെ പിഎസ്ജിക്ക് സമ്മാനിച്ചത്. പെനൽറ്റി ഉൾപ്പെടെ പാഴാക്കി മെസി മങ്ങി. പരിക്കുമാറി മൂന്ന് മാസത്തിനുശേഷം കളത്തിലെത്തിയ നെയ്മറാണ് എംബാപ്പെയുടെ ഗോളിന് വഴിയൊരുക്കിയത്. 73–-ാംമിനിറ്റിൽ പകരക്കാരനായി ബ്രസീലുകാരൻ എത്തിയതോടെയാണ് പിഎസ്ജിയുടെ മുന്നേറ്റങ്ങൾക്ക് ജീവൻവച്ചത്. മെസിയുടെ കിക്കുൾപ്പെടെ ഗോൾവലയ്ക്ക് കീഴിലെ തിബൗ കുർട്ടോയുടെ രക്ഷപ്പെടുത്തലുകളാണ് റയലിന്റെ തോൽവിഭാരം കുറച്ചത്.
എതിർതട്ടകത്തിലെ ഗോളാനുകൂല്യം ഉപേക്ഷിച്ചശേഷം ലീഗിലെ ആദ്യ നോക്കൗട്ട് മത്സരമായിരുന്നു പിഎസ്ജി–-റയൽ പോരാട്ടം. പതിവുശൈലി ഉപേക്ഷിച്ച് പ്രതിരോധിച്ചായിരുന്നു റയലിന്റെ കളി. വീറുറ്റ പിഎസ്ജി ആക്രമണനിരയെ സംഘടിതമായി അവർ ചെറുത്തു. ഏദെർ മിലിറ്റാവോയ്ക്കും ഡേവിഡ് അലാബയ്ക്കുമായിരുന്നു കാർലോ ആൻസെലോട്ടി പ്രതിരോധത്തിന്റെ മുഖ്യചുമതല നൽകിയത്. മെസിയെ തളയ്ക്കുക എന്ന ഉത്തരവാദിത്വം കാസെമിറോ ഭംഗിയാക്കി. കാസെമിറോയ്ക്കൊപ്പം മധ്യനിരയിൽ ലൂക്കാ മോഡ്രിച്ച്–-ടോണി ക്രൂസ് സഖ്യവും എതിർമുന്നേറ്റങ്ങളെ തടഞ്ഞു. മുന്നേറ്റക്കാരായ കരീം ബെൻസെമയ്ക്കും വിനീഷ്യസ് ജൂനിയറിനും കാര്യമായൊന്നും ചെയ്യാനുണ്ടായില്ല. മാർകോ വെറാറ്റിയാണ് പിഎസ്ജിയുടെ കളി മെനഞ്ഞെത്. ഇറ്റലിക്കാരന്റെ കണിശതയുള്ള പാസുകൾ റയൽ പ്രതിരോധത്തെ വിഷമിപ്പിച്ചു. മെസിക്കും എയ്ഞ്ചൽ ഡി മരിയയ്ക്കും താളം കണ്ടെത്താനായില്ല. ഇതോടെ എംബാപ്പെ ഒറ്റയ്ക്കായി. പന്തടക്കത്തിൽ മേധാവിത്തമുണ്ടായിട്ടും ആദ്യപകുതി റയൽ വലയിലേക്ക് ഒറ്റത്തവണ മാത്രമാണ് പിഎസ്ജിക്ക് പന്തയക്കാനായുള്ളു. എംബാപ്പെയുടെ ഷോട്ട് കുർടോ കൈയിലാക്കി.
ഇടവേള കഴിഞ്ഞും പിഎസ്ജി തുടർന്നു. എംബാപ്പെ കൂടുതൽ ആക്രമണകാരിയായി. ഫ്രഞ്ചുകാരന്റെ വേഗത്തിനും മുന്നേറ്റങ്ങൾക്കുംമുന്നിൽ റയൽ പ്രതിരോധം ചിതറി. ബോക്സിൽ എംബാപ്പെയുടെ നീക്കത്തെ തടഞ്ഞ ഡാനി കാർവഹാലിന് പിഴച്ചു. പെനൽറ്റി. മെസിയെത്തി. വലതുവശത്തേക്ക് തൊടുത്ത ദുർബലമായ ഷോട്ട് കുർട്ടോ അനായാസം അകറ്റി. ഡി മരിയക്ക് പകരം നെയ്മർ എത്തിയത് പിഎസ്ജിക്ക് പുത്തനുണർവ് നൽകി. നെയ്മറെയും മെസിയെയും കീഴടക്കാൻ റയൽ ശ്രമിച്ചതോടെ എംബാപ്പെ കുടൂതൽ സ്വതന്ത്രനായി. 94–-ാംമിനിറ്റിൽ നെയ്മറുടെ മനേഹാരമായ പാസ് വലയിലാക്കി എംബാപ്പെ പാരിസിനെ ആനന്ദിപ്പിച്ചു. മാർച്ച് ഒമ്പതിന് റയലിന്റെ തട്ടകത്തിലാണ് രണ്ടാംപാദ പ്രീ ക്വാർട്ടർ.















