തിരുവനന്തപുരം
സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിനായി 505.55 കോടിയുടെ പദ്ധതികൾക്ക് കിഫ്ബി അനുമതി. കോട്ടയം മെഡിക്കൽ കോളേജ് –-268 കോടി, താലൂക്ക് ആശുപത്രി അടിമാലി–- 12.54 കോടി, കാസർകോട് മെഡിക്കൽ കോളേജ് –-31.7 കോടി, കോഴഞ്ചേരി ജില്ലാ ആശുപത്രി–- 30.35, കോന്നി മെഡിക്കൽ കോളേജ് –-18.72 കോടി, റാന്നി താലൂക്ക് ആശുപത്രി–- 15.60 കോടി, അടൂർ ജനറൽ ആശുപത്രി –-14.64 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്. ഇതുകൂടാതെ കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന് 114 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമാണത്തിനാണ് തുക അനുവദിച്ചത്. എട്ട് നിലയിലായി 27,374 ചതുരശ്ര മീറ്ററിലാണ് കെട്ടിടം. 362 കിടക്ക, 11 ഓപ്പറേഷൻ തിയറ്റർ, 60 ഐസിയു കിടക്ക എന്നിവ ഉണ്ടാകും. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടക്കുന്ന കോട്ടയം മെഡിക്കൽ കോളേജിൽ പുതിയ ബ്ലോക്ക് വരുന്നതോടെ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും. കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി നിർമാണം പൂർത്തിയാക്കുന്നതിനാണ് തുക അനുവദിച്ചത്.















