തിരുവനന്തപുരം
ലോകായുക്ത ഓർഡിനൻസ് വിഷയത്തിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ പരസ്യവിമർശത്തിലൂടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലപാട് കടുപ്പിച്ചു. നിരാകരണ പ്രമേയം കൊണ്ടുവരണമോയെന്ന് തീരുമാനിക്കാനുള്ള അധികാരം നിയമസഭാ കക്ഷിക്കാണ്. യുഡിഎഫ് തീരുമാനം ഏകോപിപ്പിക്കാനുള്ള ചുമതല പ്രതിപക്ഷ നേതാവിനാണെന്നും സതീശൻ തുറന്നടിച്ചു.
നോട്ടീസ് നൽകുമെന്ന ചെന്നിത്തലയുടെ ഏകപക്ഷീയ പ്രഖ്യാപനത്തെത്തന്നെയാണ് ഇതിലൂടെ സതീശൻ തള്ളിപ്പറഞ്ഞതും. ഇതോടെ ചെന്നിത്തല–-സതീശൻ വടംവലി തുറന്ന പോരിലേക്ക് നീങ്ങി. വെള്ളിയാഴ്ചത്തെ കെപിസിസി നിർവാഹകസമിതി യോഗത്തിൽ ഇതിന് മറുപടി നൽകാനുള്ള തയ്യാറെടുപ്പിലാണ് ചെന്നിത്തല. ഇതേനിലയിലാണ് ഗ്രൂപ്പുകളും നേതാക്കളും.
ഇതിനിടെ കെപിസിസി സെക്രട്ടറിമാരെയും ഡിസിസി ഭാരവാഹികളെയും പ്രഖ്യാപിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് പ്രസിഡന്റ് കെ സുധാകരനും സംഘവും. സംഘടനാ തെരഞ്ഞെടുപ്പ് രണ്ട് മാസം കഴിയുന്നതിനാൽ അഴിച്ചുപണി വേണ്ടെന്നും തെരഞ്ഞെടുപ്പ് വേണമെന്നുമാണ് എ ഗ്രൂപ്പിന്റെ വാശി. ഇതോടെ ഉമ്മൻചാണ്ടിയെ അനുനയിപ്പിച്ച് എ ഗ്രൂപ്പിനെ പാട്ടിലാക്കാനാണ് സുധാകരന്റെ ശ്രമം. കെ സുധാകരനും വി ഡി സതീശനും പുനഃസംഘടന സംബന്ധിച്ച് ചർച്ച നടത്തിയെങ്കിലും ഉമ്മൻചാണ്ടി ഒഴികെയുള്ള മുതിർന്ന നേതാക്കളോട് മുഖം തിരിച്ചിരിക്കുകയാണ് നേതൃത്വം. ഭാരവാഹികളെ പ്രഖ്യാപിച്ച് സംഘടനാ തെരഞ്ഞെടുപ്പിലും പാർടി കൈപ്പിടിയിലൊതുക്കാനുള്ള തന്ത്രമാണ് കെ സുധാകരന്റേത്. കഴിഞ്ഞ തവണ എ, ഐ ഗ്രൂപ്പുകൾ സ്ഥാനങ്ങൾ പങ്കിടുകയായിരുന്നു.
നിരാകരണ പ്രമേയം തീരുമാനിക്കേണ്ടത്
പാർലമെന്ററി പാർടി: വി ഡി സതീശൻ
ലോകായുക്ത ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയം കൊണ്ടുവരണോയെന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് പാർലമെന്ററി പാർടി യോഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
നിയമസഭയിൽ രമേശ് ചെന്നിത്തല നിരാകരണ പ്രമേയം അവതരിപ്പിക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിലെ കാര്യം തീരുമാനിക്കേണ്ടത് പാർലമെന്ററി പാർടി യോഗമാണ്. തനിക്ക് അതിൽ നേതൃത്വമുണ്ട്. അഭിപ്രായങ്ങൾ സമാഹരിച്ചാണ് തീരുമാനമെടുക്കുക.
കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളും പരിഭവങ്ങളുമുണ്ടാകും. അത് ചർച്ച ചെയ്ത് പരിഹരിക്കാനുള്ള സംവിധാനമുണ്ട്. ഞങ്ങൾ എല്ലാ മുതിർന്ന നേതാക്കളോടും നിരന്തരം സംസാരിക്കുന്നുണ്ട്.
ഗവർണർ ബിജെപിയുടെ തിരുവനന്തപുരത്തെ വക്താവായെന്നും പറയുന്ന ഒരു കാര്യത്തിലും അദ്ദേഹം സ്ഥിരത കാണിക്കുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു.















