കോഴിക്കോട്
മുസ്ലിം ലീഗിന്റെയും എംഎസ്എഫിന്റെയും നേതൃത്വം ജനാധിപത്യരഹിതവും- സ്ത്രീവിരുദ്ധവുമായ സമീപനമാണ് തുടർച്ചയായി സ്വീകരിക്കുന്നതെന്ന് പുറത്താക്കിയ എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരും സീനിയർ വൈസ് പ്രസിഡന്റ് എ പി അബ്ദുൾ സമദും വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെൺകുട്ടികളോട് മോശമായി പെരുമാറുന്ന നേതൃത്വത്തെയടക്കം സംരക്ഷിക്കുകയാണ് ലീഗ്. ഹരിത വിഷയത്തിൽ ഉൾപ്പെടെ ഇത് കണ്ടതാണ്. കോടതിവിധി മാനിക്കാതെയാണ് എംഎസ്എഫിന്റെ പ്രവർത്തനം.
സംസ്ഥാനസമിതിയുടെ മിനിറ്റ്സ് കൈക്കലാക്കിയതിനെതിരെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാമിനും ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎക്കുമെതിരെ പൊലീസിൽ പരാതി നൽകുമെന്ന് ലത്തീഫ് തുറയൂർ പറഞ്ഞു.
ജൂൺ 24ന് നടന്ന എംഎസ്എഫ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ സ്ത്രീകൾക്കെതിരെ മോശം പദപ്രയോഗങ്ങളുണ്ടായി. നിലവാരമില്ലാതെ സംസാരിക്കുന്ന ഇത്തരക്കാരെ മുതിർന്ന നേതാക്കൾ വിലക്കുന്നില്ല. കോൺഗ്രസോ യുഡിഎഫോ ഈ വിഷയത്തിൽ ഇടപെടുന്നുമില്ല. പ്രതിപക്ഷ നേതാവിനെയും യുഡിഎഫ് കൺവീനറെയും ഇപ്പോഴത്തെ സ്ഥിതി അറിയിക്കും. കോഴിക്കോട് അങ്ങാടിയിൽ തെണ്ടി നടക്കുന്നവർ എന്നാണ് ഹരിത നേതാക്കളെ പി എം എ സലാം വിശേഷിപ്പിച്ചത്. വനിതാ നേതാക്കൾക്കെതിരായ പരാമർശം എംഎസ്എഫ് സംസ്ഥാന ട്രഷറർ സി കെ നജാഫിന്റെ പക്ഷത്തുനിന്നുമുണ്ടായി.
പുറത്താക്കപ്പെട്ടവരെല്ലാം ഹരിതയെ പിന്തുണയ്ക്കും. ബദൽ സംഘടനയെക്കുറിച്ച് ആലോചിച്ചിട്ടില്ല. പുറത്താക്കപ്പെട്ട നേതാക്കളായ പി പി ഷൈജൽ, കെ എം ഫവാസ് എന്നിവരും പങ്കെടുത്തു.















