കൊൽക്കത്ത
അരങ്ങേറ്റക്കാരൻ രവി ബിഷ്ണോയ് വെസ്റ്റിൻഡീസിനെ മെരുക്കി. രണ്ട് വിക്കറ്റെടുത്ത ഈ വലംകൈയൻ സ്പിന്നറിന്റെ കരുത്തിൽ ഒന്നാം ട്വന്റി–-20 ക്രിക്കറ്റിൽ വിൻഡീസ് 7–-157ൽ അവസാനിപ്പിച്ചു. നാലോവറിൽ 17 റൺ വഴങ്ങിയാണ് ബിഷ്ണോയ് രണ്ട് വിക്കറ്റെടുത്തത്. പേസർ ഹർഷൽ പട്ടേലിനും രണ്ട് വിക്കറ്റുണ്ട്. 43 പന്തിൽ 61 റണ്ണടിച്ച നിക്കോളാസ് പുരാനാണ് വെസ്റ്റിൻഡീസിനായി മിന്നിയത്. ഓപ്പണർ കൈൽ മെയേഴ്സ് 24 പന്തിൽ 31 റണ്ണുമടിച്ചു.
ഈഡൻ ഗാർഡനിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് സിറാജ് പുറത്തിരുന്നപ്പോൾ ഭുവനേശ്വർ കുമാർ പേസ്നിര നയിച്ചു. ഒപ്പം ഹർഷൽ പട്ടേലും ദീപക് ചഹാറും. യുസ്വേന്ദ്ര ചഹാലിന് കൂട്ടായിരുന്നു ബിഷ്ണോയ്. ഓൾറൗണ്ടറായി വെങ്കിടേഷ് അയ്യരുമെത്തി. ഇഷാൻ കിഷനാണ് ഓപ്പണിങ്ങിൽ രോഹിതിന് കൂട്ട്.
ഭുവനേശ്വറിലൂടെ ആശിച്ചതുടക്കമായിരുന്നു ഇന്ത്യക്ക്. ഇന്നിങ്സിന്റെ അഞ്ചാംപന്തിൽ ബ്രണ്ടൻ കിങ്ങിനെ (4) സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ചു. എന്നാൽ, ഈ പതർച്ചയിൽനിന്ന് കരീബിയക്കാർ കരകയറി. മെയേഴ്സും പുരാനും രക്ഷകരായി. 47 റൺ ഇരുവരും ചേർത്തു. മെയേഴ്സിനെ വിക്കറ്റിനുമുമ്പിൽ കുരുക്കി ചഹാൽ ഇന്ത്യയെ തിരികെയെത്തിച്ചു. അരങ്ങേറ്റക്കാരന്റെ പതർച്ചയില്ലാതെയാണ് ബിഷ്ണോയ് പന്തെറിയാനെത്തിയത്. ഒരോവറിൽ റോസ്റ്റൺ ചേസിനെയും (4) റൊവ്മാൻ പവെലിനെയും (2) മടക്കി ബിഷ്ണോയ് വിൻഡീസിനെ തളർത്തി. നന്നായി ബാറ്റ് വീശിയ പുരാനെ ഹർഷൽ പുറത്താക്കി. അഞ്ച് സിക്സറും നാല് ഫോറും പുരാൻ പായിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ബാറ്റിൽ മിന്നിയ സ്പിന്നർ അകീൽ ഹുസൈന് (10) കാര്യമായൊന്നും ചെയ്യാനായില്ല. ക്യാപ്റ്റൻ കീറൺ പൊള്ളാർഡാണ് (19 പന്തിൽ 24*) വിൻഡീസിനെ 150 കടത്തിയത്.















