വടകര> ബോംബ് നിര്മിക്കുന്നതിനിടയില് ആര്എസ്എസ് പ്രവര്ത്തകന് ഗുരുതര പരിക്ക്. വീടിന്റെ ടെറസിലിരുന്ന് ബോംബുണ്ടാക്കുന്നതിനിടെയാണ് മണിയൂര് ചെരണ്ടത്തൂരിലെ മൂഴിക്കല് മീത്തല് ഹരിപ്രസാദ് (30) ന് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം.
ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയില് ഹരിപ്രസാദിന്റെ കൈപ്പത്തി ചിന്നിച്ചിതറി. ദേഹമാസകലം പരിക്കേറ്റ ഇയാളെ മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. സ്ഫോടനം നടന്ന വീടിന്റെ ടെറസില് ചിതറിയ മാംസവും രക്തവും തളം കെട്ടിയ നിലയിലാണ്. സംഭവസ്ഥലത്തു നിന്നും പടക്കത്തിന്റെ അവശിഷ്ടങ്ങള് പൊലീസിനു ലഭിച്ചു.
പടക്കങ്ങള് അഴിച്ച് വെടിമരുന്ന് ശേഖരിച്ചതാവാമെന്നാണ് പൊലീസിന്റെ നിഗമനം. ആര്എസ്എസിന്റെ സജീവ പ്രവര്ത്തകനായ ഹരിപ്രസാദ് നിരവധി ക്രിമിനല് കേസുകളില് പ്രതിയാണ്. ശബരിമല സമരത്തില് ഉള്പ്പെടെ പങ്കെടുത്തതിന് ഇയാളുടെ പേരില് ക്രിമിനല് കേസുണ്ട്. പയ്യോളിയില് നിന്നും വടകരയില് നിന്നും പൊലീസ് സ്ഥലത്തെത്തി ഡോഗ് സ്കോഡിന്റെ സഹായത്തോടെ പരിശോധന നടത്തി.
സംഭവത്തില് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം മന്തരത്തൂര് ലോക്കല് കമ്മിറ്റി ആവശ്യപ്പെട്ടു.















