തിരുവനന്തപുരം > നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള പ്രദേശങ്ങൾ മാത്രമേ മാലിന്യ സംസ്കരണ പദ്ധതികൾക്കായി തെരഞ്ഞെടുക്കാവൂ എന്ന് തദ്ദേശമന്ത്രി എം വി ഗോവിന്ദൻ. കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് 2.0യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിശുചിത്വത്തിന് പ്രധാന പരിഗണ നൽകുന്ന മലയാളികൾ സാമൂഹ്യ ശുചിത്വത്തിന് പ്രാധാന്യം നൽകുന്നില്ല. പല മാലിന്യ സംസ്കരണ പദ്ധതികളും നടപ്പാക്കാൻ പോകുമ്പോൾ ജനം പ്രതിരോധിക്കുന്ന സാഹചര്യമുണ്ട്. ഇതിനെതിരെ ഫലപ്രദമായ ഇടപെടലുണ്ടാകണം. നടപ്പാക്കാനാകുന്ന സ്ഥലങ്ങളിൽ എല്ലാ പശ്ചാത്തലവുമൊരുങ്ങി എന്ന് ഉറപ്പായശേഷം മാത്രമേ പ്രാരംഭ നടപടി നടത്താവൂ. അഞ്ചു വർഷംകൊണ്ട് കേരളത്തെ സമ്പൂർണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ 87 മുനിസിപ്പാലിറ്റികളിലും ആറു കോർപറേഷനുകളിലും എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിക്കുക, അമൃത് 1 ൽ ഉൾപ്പെട്ട ഒമ്പതു നഗരങ്ങളിൽ (സംസ്ഥാനത്തെ ആറു കോർപറേഷനുകളിലും ആലപ്പുഴ, ഗുരുവായൂർ, പാലക്കാട് മുനിസിപ്പാലിറ്റികളും) ദ്രവമാലിന്യ സംസ്കരണം ഉറപ്പുവരുത്തുക, ജലാശയങ്ങൾ പുനരുജ്ജീവിപ്പിച്ച് അതിന് ചുറ്റുമുള്ള പ്രദേശം പാർക്കുകളാക്കുക തുടങ്ങിയവ അമൃത് 2.0ലുണ്ട്. 1372 കോടി രൂപയാണ് അമൃത് 2.0 യിലെ കേന്ദ്രസഹായം. സംസ്ഥാന വിഹിതം ഉൾപ്പെടെ ഏകദേശം 3600 മുതൽ 4000 കോടി രൂപ വരെയുള്ള വിവിധ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. 2011 ലെ ജനസംഖ്യ അനുസരിച്ച് ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള 84 മുനിസിപ്പാലിറ്റികൾക്ക് (കോട്ടയം, ആലപ്പുഴ, പാലക്കാട് ഒഴികെ) 50 ശതമാനം കേന്ദ്ര വിഹിതവും കോട്ടയം, ആലപ്പുഴ, പാലക്കാട് മുനിസിപ്പാലിറ്റികൾക്കും ആറ് കോർപറേഷനും പദ്ധതി തുകയുടെ മൂന്നിലൊന്ന് കേന്ദ്ര സഹായവും ലഭിക്കും.
ജൽശക്തി അഭിയാൻ പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് ചീഫ് സെക്രട്ടറി വി പി ജോയ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷയായി.