കോഴിക്കോട്: എറണാകുളത്തെ തെരുവ്തല്ലിനുശേഷം മധ്യസ്ഥ ചർച്ചവെച്ച് സൗമ്യതയിലെത്തിയ ഐ.എൻ.എല്ലിൽ വീണ്ടും കലാപക്കൊടി ഉയർത്തി സംസ്ഥാന പ്രസിഡന്റ് അബ്ദുൾ വഹാബ് വിഭാഗവും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വിഭാഗവും. കാന്തപുരവുമായി നടത്തിയ മധ്യസ്ഥ ചർച്ചകളിലെ ധാരണകൾ എല്ലാം സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വിഭാഗം തകിടം മറിച്ചുവെന്നും ഇത്തരത്തിൽ മുന്നോട്ട് പോവാനാവില്ലെന്നും സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ. പി അബ്ദുൾ വവാബ് മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു. പാർട്ടിയിൽ മെമ്പർഷിപ്പ് പൂർത്തിയാക്കി കൊണ്ടിരിക്കുന്നുവെന്നാണ് കാസിം ഇരിക്കൂർ പറയുന്നത്. എന്നാൽ എനിക്ക് പറയാനുള്ളത് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ എനിക്ക് പോലും മെമ്പർഷിപ്പ് നൽകിയിട്ടില്ലെന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം നൽകിയ സീതാറാം സ്പിന്നിംഗ് മിൽ ചെയർമാൻ സ്ഥാനത്തേക്ക് വഹാബിന്റെ ഇഷ്ടക്കാരനായ എൻ.കെ അബ്ദുൾ അസീസിനെയായിരുന്നു വവാബ് വിഭാഗം മുന്നോട്ട് വെച്ചത്. എന്നാൽ ഇത് അംഗീകരിക്കില്ലെന്നാണ് കാസിം ഇരിക്കൂർ വിഭാഗം പറയുന്നത്. ഇതോടെയാണ് പിളർപ്പിലേക്കെന്ന രീതിയിലേക്ക് ഐ.എൻ.എൽ പോവുന്നത്. സംസ്ഥാന പ്രസിഡന്റിനോടോ മറ്റോ ആലോചിക്കാതെ കോഴിക്കോട് കാസിം ഇരിക്കൂറിന്റേയും മന്ത്രി അഹമ്മദ് ദേവർകോവിലിന്റേയും നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. ഇത് പാർട്ടി വിരുദ്ധമാണ്. അഡ്ഹോക് കമ്മിറ്റിയിൽ പോലും ദേശീയ നേതൃത്വത്തെ കൂട്ട് പിടിച്ച് കാസിം ഇരിക്കൂർ ഗ്രൂപ്പ് കളി നടത്തുകയാണ്. ഇതിന്റെ വക്താവായി മന്ത്രി അഹമ്മദ് ദേവർ കോവിൽ മാറിയെന്നും അബ്ദുൾ വഹാബ് ചൂണ്ടിക്കാട്ടി. ഐ.എൻ.എൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.പി അബ്ദുൾ വഹാബ് മാതൃഭൂമി ഡോട്കോമിനോട് സംസാരിക്കുന്നു.
ഗുണ്ടാ സംഘങ്ങളാണ് താങ്കളെ നിയന്ത്രിക്കുന്നത് എന്നാണ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറയുന്നത്?
ആരാണ് ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കുന്നത് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പാർട്ടിയിൽ തന്നെ ഏറ്റവും സൗമ്യനായ നേതാവ് എന്നാണ് എന്നെ അറിയപ്പെടുന്നത്. എന്റെ സൗമ്യത ഒന്ന് കൊണ്ട് മാത്രമാണ് അഹമ്മദ് ദേവർ കോവിൽ ഇപ്പോൾ കോഴിക്കോട് സൗത്തിൽ നിന്നും മന്ത്രിയായി വിജയിച്ചത്. അത് എല്ലാവാരും ഓർത്താൽ നന്നാവും. ഒരു പാർട്ടിയുടെ പ്രതിനിധിയായി നിൽക്കേണ്ട മന്ത്രി അഹമ്മദ് ദേവർകോവിൽ അഡ്ഹോക് കമ്മിറ്റിയുടെ ചെയർമാനായതോടെ ഗ്രൂപ്പ് നേതാവായിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. ഇടതുപക്ഷം നൽകിയ മന്ത്രി സ്ഥാനം കാലാവധി കഴിയുന്നത് വരെയുണ്ടാവും. പക്ഷെ അത് എങ്ങനെയായിരിക്കണമെന്നൊക്കെ വഴിയേ തീരുമാനിക്കാം.
പി.ടി.എ റഹീമിനൊപ്പം ചേർന്ന് താങ്കൾ ഐ.എൻ.എൽ കേരള രൂപീകരിച്ച് മുന്നോട്ട് പോവുമെന്നൊക്കെ കേൾക്കുന്നുണ്ടല്ലോ?
അത് അവരുടെ ആരോപണം മാത്രമാണ്. ഐ.എൻ.എൽ ആയിട്ട് തന്നെ മുന്നോട്ട പോവാനാണ് തീരുമാനം. പി.ടി.എ റഹീം ഇടതുപക്ഷത്തെ ഒരു എം.എൽ.എ തന്നെയല്ലേ. അവരുമായി ഒരു വേദി പങ്കിട്ടുവെന്നതിന്റെ പേരിൽ എന്തിനാണ് ഇങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ അനാവശ്യ ഇടപെടലാണ് പ്രശ്നത്തിന് കാരണം. ദേശീയ നേതൃത്വം പാർട്ടിയെ മതേതര ലൈനിൽ നിന്നും മറ്റൊരു തരത്തിലേക്ക് മാറ്റാനുള്ള ശ്രമമാണ്. അതിനെ അംഗീകരിക്കാൻ കഴിയില്ല. കഴിഞ്ഞ തവണ ദേശീയ പ്രസിഡന്റ് എസ്.ഡി.പി.ഐക്ക് അടക്കം പിന്തുണ നൽകി. ഇപ്പോൾ നടക്കുന്ന യു.പി തിരഞ്ഞെടുപ്പിൽ പോലും മതേതര കാഴ്ചപ്പാടിന് പകരം കുറെ മത സംഘടനകളെ കൂടെ കൂട്ടി മത്സരിക്കാൻ നോക്കുകയാണ്. പക്ഷെ ഇത് ചോദ്യം ചെയ്യുന്നവരെ പുറത്താക്കുകയും പിരിച്ച് വിടൽ പോലുള്ള നടപടിയെടുക്കുകയുമാണ്.
എന്താണ് വീണ്ടും പ്രശ്നത്തിന് കാരണം?
എറണാകുളത്തെ പ്രശ്നത്തിന് ശേഷം കാന്തപുരത്തിന്റെ നേതൃത്വത്തിൽ നടത്തിയ മധ്യസ്ഥ ചരച്ചയിൽ ഉണ്ടാക്കിയ ധാരണാ പത്രത്തിൽ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ ഞാനും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവർകോവിലുമൊക്കെ ഒപ്പിട്ടതാണ്. അതിൽ പ്രധാനമായും രണ്ട് മൂന്ന് കാര്യങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഒന്നാമത്തെ ഉപാധി മെമ്പർഷിപ്പ് പരിപാടി തൽക്കാലത്തേക്ക് നിർത്തിവെച്ച് ഇരുഭാഗത്ത് നിന്നും അഞ്ച് പേർ വീതമുള്ള ഒരു കമ്മിറ്റിയെ ഉണ്ടാക്കി ആ കമ്മിറ്റി യോഗം ചേർന്ന് ബാക്കി കാര്യങ്ങൾ തീരുമാനിക്കണമെന്നായിരുന്നു. സെപ്റ്റംബർ അഞ്ചാം തീയതിയാണ് ആ കമ്മിറ്റിയുണ്ടാക്കിയത്. പതിനാലാം തീയതി കമ്മിറ്റി യോഗം ചേർന്നു. എന്നിട്ട് പതിനാല് ജില്ലകൾക്കും റിട്ടേണിംഗ് ഓഫീസറെ വെച്ചിരുന്നു. ഇവരെ കയ്യിലായിരുന്നു മെമ്പർഷിപ്പ് കൊടുക്കേണ്ടിയിരുന്നത്. പക്ഷെ അവരെ വിളിക്കുകയോ അവരുടെ കൈയിൽ ഇതുവരെ മെമ്പർഷിപ്പ് കൊടുക്കുകയോ എന്തിന് അവർക്ക് പോലും മെമ്പർഷിപ്പ് നൽകുകയോ ചെയ്തിട്ടില്ല. എന്നിട്ടാണ് മെമ്പർഷിപ്പ് വിതരണം പുരോഗമിക്കുന്നുവെന്ന് പറയുന്നത്. മറ്റൊരു പ്രധാന ധാരണ ദേശീയ നേതൃത്വം കേരളത്തിന്റെ കാര്യത്തിൽ അനാവശ്യമായി ഇടപെടാൻ പാടില്ല എന്നായിരുന്നു. പക്ഷെ ദേശീയ പ്രസിഡന്റിനെ ഉപയോഗിച്ച് കൊണ്ട് ഇവർ നിരന്തരം കേരളത്തിന്റെ കാര്യത്തിൽ ഇപെടിയിക്കുകയാണ്.അതിന്റെ അവസാനത്തെ ഉദാഹരണമാണ് മെമ്പർഷിപ്പിൽ കൂടെയല്ലാതെ വന്ന ദേശീയ കമ്മിറ്റി ഗൂഗിൾ മീറ്റ് വിളിച്ച് മെമ്പർഷിപ്പിൽ കൂടി വന്ന കേരളത്തിലെ മൂന്ന് കമ്മിറ്റികളെ പിരിച്ച് വിട്ടത്. ഇതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ട്.
സീതാറാം മില്ലിംഗ് ചെയർമാൻ സ്ഥാനത്തേക്ക് താങ്കൾ മുന്നോട്ട് വെച്ച എൻ.കെ അബ്ദുൾ അസീസിനെ അവർ അംഗീകരിക്കാത്തത് എന്തുകൊണ്ടാണ്?
എൻ.കെ അബ്ദുൾ അസീസാണ് അന്ന് കൊച്ചിയിൽ പ്രവർത്തകർ തമ്മിലുള്ള പ്രശ്നത്തിന് കാരണമെന്നാണ് അവർ ആരോപിക്കുന്നത്. അതിന്റെ പേരിൽ അസീസിനെതിരേ അച്ചടക്ക നടപടിയുമെടുക്കുമെന്നും പറഞ്ഞിരുന്നു. പക്ഷെ യാഥാർഥ്യം ഇതല്ലെന്ന് തനിക്ക് അറിയാവുന്നത് കൊണ്ടാണ് ഞാൻ ചെയർമാൻ സ്ഥാനത്തേക്ക് അസീസിന്റെ പേര് നിർദേശിച്ചത്. ഇവിടെ യഥാർഥ പ്രശ്നം എന്താണെന്ന് വെച്ചാൽ ചാനൽ ചർച്ചകളിലടക്കം മിക്കപ്പോഴും പാർട്ടിയുടെ ഔദ്യോഗിക വക്താവായി എത്തുന്നത് എൻ.കെ അബ്ദുൾ അസീസാണ്. അദ്ദേഹത്തിന് നല്ല പൊതു ശ്രദ്ധ കിട്ടുന്നുമുണ്ട്. ഇതൊന്നും പക്ഷെ കാസിം ഇരിക്കൂർ വിഭാഗത്തിന് പിടിക്കുന്നില്ല. അതുകൊണ്ടാണ് അസീസിനെതിരേ ആരോപണവുമായി വരുന്നത്. പാർട്ടിക്ക് ജനകീയ അടിത്തറയുള്ളത് കോഴിക്കോടും മലപ്പുറവുമാണ്. അത് കഴിഞ്ഞാൽ മാത്രമാണ് കാസർകോട്. ഈ ജില്ലകളിലെ തൊണ്ണൂറ് ശതമാനം ആളുകളും തനിക്കൊപ്പമാണ്. ഇത് കാസിം ഇരിക്കൂറിനും അറിയാം. പുതിയ സംസ്ഥാന കമ്മിറ്റി വരുമ്പോൾ ഈ ജില്ലകളിലെ തന്നോടൊപ്പമുള്ള കുറേ പേരെ മാറ്റി നിർത്തേണ്ടത് കാസിം ഇരിക്കൂറിന്റെ ആവശ്യമാണ്. അപ്പോൾ മാത്രമാണ് പാർട്ടിയെ കൈപിടിയിലൊതുക്കാൻ അദ്ദേഹത്തിന് കഴിയുകയുള്ളൂ. അതിനുള്ള ഗൂഢ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.