മയ്യിൽ > കണ്ണുകളിൽ കൗതുകം പടർത്തിയാണ് ‘യന്ത്രപ്പക്ഷി’ നെല്ലിക്കപ്പാലത്തെ പച്ചപുതച്ച നെൽപ്പാടത്തേക്ക് പറന്നെത്തിയത്. കൃഷിയിൽ നവീനസാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു ഡ്രോൺ പരീക്ഷണം. അതിവേഗം 30 ഏക്കർ നെൽപാടത്ത് മരുന്ന് തളിച്ച് യന്ത്രപ്പക്ഷി മടങ്ങിയെത്തി. ഹെർബോലിവ് പ്ലസ് ലായിനിയാണ് മരുന്നുപരീക്ഷണത്തിന് ഉപയോഗിച്ചത്.
പുത്തൻ പ്രവർത്തന രീതിയുമായാണ് ഈ സാങ്കേതികവിദ്യയുടെ കടന്നുവരവ്. കുറഞ്ഞ മനുഷ്യാധ്വാനം ഉപയോഗിച്ചുള്ള വളപ്രയോഗവും പാടങ്ങളിലെ വന്യജീവി അതിക്രമം തടയലുമാണ് പ്രധാനലക്ഷ്യം. തമിഴ്നാട്ടിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത ലായനിയാണ് ഹെർബോലിവ് പ്ലസ്. നെൽകൃഷിയുടെ വളർച്ചാ കാലയളവിൽ തളിച്ചുകൊടുത്ത് വിളവുകളുടെ വളർച്ചയും വന്യജീവി അതിക്രമം തടയലും ഉറപ്പുവരുത്തുന്നു. ഡ്രോൺ ഉപയോഗിച്ച് സൂക്ഷ്മമായി ഓരോ ഇലയുടെ ഇടയിലേക്കും മരുന്ന് തളിക്കാനാകും. 12 ലിറ്റർ ലായിനിയുമായി പാടങ്ങളിലേക്ക് ഇറക്കുന്ന ഡ്രോൺ ഒരേക്കറിൽ 10 മിനിറ്റുകൊണ്ട് മരുന്ന് തളിക്കും.
ഒരുതവണ മരുന്ന് തളിച്ചാൽ 15 ദിവസംവരെ ഗുണം ലഭിക്കും. സിങ്ക്, കോപ്പർ, പഞ്ചഗവ്യം തുടങ്ങിയവയടങ്ങിയ ലായനിയായതിനാൽ നെൽകൃഷിയുടെ വളർച്ചക്കും സഹായകമാണ്. ഓർഗാനിക്ക് ലായിനിയുടെ ഗന്ധം ചെടികളിൽ തങ്ങിനിൽക്കുന്നതിനാൽ ആന, കാട്ടുപന്നി, മയിൽ, മുള്ളൻപന്നി, കുരങ്ങുകൾ തുടങ്ങിയവയിൽനിന്ന് കൃഷിക്ക് സംരക്ഷണം ഉറപ്പാക്കാനാകും. ഹെർബോലിവ് പ്ലസ് പഴം, പച്ചക്കറി, മരച്ചീനി, പയർവർഗം തുടങ്ങിയ കൃഷിക്കും അനുയോജ്യമാണെന്നാണ് വിലയിരുത്തൽ.
ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ക്രെഡിറ്റ് ജോസ് ജോഷി വർഗീസ്, ഹോർട്ടികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ സി വി ജിതേഷ്, ഇരിക്കൂർ എഡിഎ കെ കെ ആദർശ്, മണ്ണ് പരിശോധനാ കേന്ദ്രം ജില്ലാ ഓഫീസർ എസ് ഇ പ്രമോദ്, മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി എംഡി ടി കെ ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിഷ്ന, എസ് പ്രമോദ്, എം വി അജിത, എം രവി, എം ഭരതൻ തുടങ്ങിയവർ പരീക്ഷണമരുന്നുതളിക്ക് സാക്ഷിയാകാനെത്തിയിരുന്നു.















