കാസര്‍കോട്> ധ്യാനത്തിനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിപ്പിച്ച് യുവതിയെ പലതവണ പീഡിപ്പിച്ച കേസില്‍ പ്രതിയായ പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. ഭീമനടി കാലിക്കടവ് കല്ലാനിക്കാട്ടെ സണ്ണി എന്ന ജെയിംസ് മാത്യു (49)വിനെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജ് (ഒന്ന് ) എ വി ഉണ്ണികൃഷ്ണന് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി അധികതടവ് അനുഭവിക്കണം.
പ്രതിയുടെ വീട്ടില്‍ ധ്യാനത്തിനായി വന്ന യുവതിയെ 2014 മാര്‍ച്ച് 18 നാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടില്‍ വെച്ചും പലതവണ പീഡിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവന് ഹാജരായി. ചിറ്റാരിക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് വെള്ളരിക്കുണ്ട് ഇന്‍പെക്ടറായിരുന്ന ടി പി സുമേഷാണ്.