മലയാള സിനിമയില് പ്രേക്ഷകരെ നന്നായി ആകര്ഷിക്കുന്ന ഒരു ശ്രേണിയാണ് ഫീല് ഗുഡ് സിനിമകള്. വലിയ പിരിമുറുക്കമില്ലാതെ ഒറ്റ കാഴ്ചയിലെ സന്തോഷം നല്കുന്ന സിനിമകള്. തമാശകള് നിറഞ്ഞ കൂടുതല് കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഇറക്കുന്നവ. മലയാള സിനിമയിലെ നവ നിരയുടെ മുന്നേറ്റത്തില് ഇത്തരം സിനിമകള് കുറഞ്ഞ് വന്നിരുന്നു. എന്നാല് ഇപ്പോള് ഈ ശ്രേണിയില് വീണ്ടും സിനിമകള് ഉണ്ടാവുകയാണ്. ഗിരീഷ് എ ഡിയുടെ സൂപ്പര് ശരണ്യ, അഹ്മദ് കബീറിന്റെ മധുരം, ചിദംബരത്തിന്റെ ജാന് എ മന് തുടങ്ങിയ ചിത്രങ്ങള്ക്ക് നല്ല സ്വീകാര്യതയും ലഭിച്ചു. ഇതിലേക്കുള്ള കൂട്ടിച്ചേര്ക്കലാണ് അഖില് അനില്കുമാര് ഒരുക്കിയ അര്ച്ച 31 നോട്ട് ഔട്ട്.
ഒരുകാലത്ത് ജയറാമും ദിലീപും മോഹന്ലാലുമെല്ലാം വലിയ ഹിറ്റുകള് തീര്ത്തത് ഇത്തരം സിനിമകളിലൂടെയായിരുന്നു. ഫീല് ഗുഡ്- കുടുംബ സിനിമകള് ചെയ്യാന് ‘സ്പൈഷ്യലൈസ്ഡ്’ സംവിധായകരും മലയാളത്തിലുണ്ടായിരുന്നു. വലിയ വിജയങ്ങള് നേടിയപ്പോഴും ഈ സിനിമകളില് പലതിന്റെയും ഉള്ളടക്കത്തില് നല്ല രീതിയില് സ്ത്രീ, വംശീയ, ജാതി വിരുദ്ധതകള് കുത്തിനിറച്ചിരുന്നു. എന്നിരുന്നാലും കാഴ്ചക്കാരുണ്ടായിരുന്നുവെന്നതിനാല് അവ വീണ്ടും വീണ്ടും ഉല്പ്പാദിപ്പിച്ച് കൊണ്ടേ ഇരുന്നു. എന്നാല് ഈ സ്ത്രീസമൂഹ വിരുദ്ധത സിനിമകള് തങ്ങളുടെ മേല് അടിച്ചേല്പ്പിച്ചതാണെന്ന് പ്രേക്ഷകര് പ്രഖ്യാപിച്ചത് കാലക്രമേണ ഇതിന് ബദലായ സിനിമകള്ക്ക് കൈയ്യടിച്ചാണ്. അതിന്റെ തുടര്ച്ചയാണ് സിനിമയിലുണ്ടായ രാഷ്ട്രീയ ബോധ്യങ്ങള് പ്രേക്ഷകന്റേത് കൂടിയായതും ഇത്തരം സ്ത്രീ വിരുദ്ധതും ജാതി അധിക്ഷേപങ്ങളും നിറഞ്ഞ സൃഷ്ടികള് കാലാനന്തരം തഴയപ്പെട്ടതും. ഈ വിമര്ശനവും തിരസ്കരണവും പ്രേക്ഷകന് ഒരുപരിധി വരെ ആര്ജ്ജിച്ച സിനിമ കാഴ്ചയിലെ രാഷ്ട്രീയ ബോധ്യത്തിന്റെ ഗുണഫലമാണ്.
സമീപത്ത് മലയാള സിനിമയിലുണ്ടായ നവീകരണത്തിന്റെ കൂടി ഭാഗമായി മുന് കാലത്തെ പുഴുക്കുത്തുകള് മാറ്റി നിര്ത്തിയാണ് പുതിയ കാലത്തെ ഫീല് ഗുഡ് സിനിമയിലധികവും എത്തുന്നത് എന്നത് പ്രതീക്ഷ നല്കുന്നതാണ്. ഇതെല്ലാം ഒരുക്കുന്നത് പുതിയ മേക്കേഴ്സാണെന്നും ശ്രദ്ധേയമാണ്. ഐശ്വര്യ ലക്ഷ്മി ടൈറ്റില് റോളില്ലെത്തുന്ന ചിത്രം അര്ച്ചന എന്ന വിവാഹ പ്രായമെത്തിയ പെണ്കുട്ടിയുടെ ജീവിതമാണ്. ബിഎഡിന് ശേഷം ഒരു സ്വകാര്യ സ്കൂളില് താല്ക്കാലിക അധ്യാപിക. സര്ക്കാര് ജോലിയെന്ന ശരാശരി മലയാളിയുടെ സ്വപ്നം പേറുന്ന അര്ച്ചന ജോലിയോടൊപ്പം തന്നെ പിഎസ്സി പഠനവും നടത്തുന്നു. കല്യാണമായില്ലേ എന്ന നാട്ടുകാരുടെ സ്ഥിരം ചോദ്യങ്ങള്ക്കിടയിലാണ് ജീവിതം. അര്ച്ചനയ്ക്ക് വരുന്ന വിവാഹ ആലോചനകളെല്ലാം മുടങ്ങുന്നു. ഇതിനിടയില് സ്കൂളിലെ ജോലിയും നഷ്ടമാകുന്നു. ഇങ്ങനെയുള്ള തുടര് സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ വികാസം.
സിനിമയിലെ കഥാപാത്രങ്ങളുടെ സൃഷ്ടിയും അവയുടെ കഥയുടെ വികാസത്തിന് ഒപ്പമുള്ള വളര്ച്ചയുമൊക്കെയായി തിരക്കഥാരചനയില് കൂടി ഭാഗമായ സംവിധായകന് അഖില് സൂക്ഷ്മമായി അവതരിപ്പിച്ചിട്ടുണ്ട്. അര്ച്ചയുടെ കഥയായി നില്ക്കുമ്പോഴും കഥ നടക്കുന്ന പരിസരത്തിന്റേത് കൂടിയായി സിനിമ മാറുന്നത് എഴുത്തില് പുലര്ത്തിയ സൂക്ഷ്മതയാലാണ്. വിവാഹങ്ങളില് കടന്ന് വരുന്ന, പ്രത്യേകിച്ച് സ്ത്രീകള് നേരിടുന്ന ബുദ്ധിമുട്ടുകള് അടയാളപ്പെടുത്താന് ശ്രമിക്കുന്നുണ്ട് സിനിമ. പ്രതീക്ഷിത വഴികളിലൂടെ നീങ്ങുകയും സാധാരണ ക്ലൈമാക്സ് സാധ്യതയിലേക്ക് എത്തുന്നിടത്ത് അത് അപ്പാടെ മാറ്റി നിര്ത്തുന്നുണ്ട്. ഒരു പ്രദേശത്ത് കഥ പറയുമ്പോള് അവിടത്തെ ഭാഷ, രീതികള് എല്ലാം ഉപയോഗിക്കുന്നതില് പലപ്പോഴും മലയാള സിനിമ അത്ര സൂക്ഷ്മത പുലര്ത്താറില്ല. എന്നാല് അഖില് അര്ച്ചയില് വളരെ കൃത്യതയോടെ അത് ചെയ്തിട്ടുണ്ട്. പലപ്പോഴും വികലമാക്കുന്ന രീതിയില് പ്രാദേശിക ഭാഷയെ ഉപയോഗിക്കാറുണ്ട്. അതിന് ഒരു മറുപടി കൂടിയാണ് സിനിമ.
അതു പോലെ കല്യാണ വീട്ടിലെ ഭക്ഷണം അതിലെല്ലാം പാലക്കാടന് ടച്ച് കൃത്യമായി ഉറപ്പാക്കിയിട്ടുണ്ട്. ആദ്യ സിനിമയില് അഖില് നല്കുന്ന പ്രതീക്ഷകള് മേക്കര് എന്ന നിലയില് അയാള് പുലര്ത്തുന്ന സൂക്ഷ്മതയാണ്. സ്ത്രീ ജീവിതത്തെ അടയാളപ്പെടുത്തുമ്പോള് പലപ്പോഴും മാന്സ്പ്ലാനിങാവുന്ന കാഴ്ചകള് ഇല്ലാതെയാക്കിയുള്ള കഥപറച്ചില് അര്ച്ചനയിലുണ്ട്. ഐശ്വര്യ ലക്ഷ്മിയുടെ സിനിമ ജീവിതത്തില് നല്ല അടയാളപ്പെടുത്തലാണ് അര്ച്ചനയെന്ന കഥാപാത്രം. അധികവും ടൗണ് ഗേള് റോളില് പ്രത്യക്ഷപ്പെടുന്ന ഐശ്വര്യ അതില് നിന്നെടുത്ത മാറ്റം ഗുണകരമായിട്ടുണ്ട്. മായാനദിയിലെ അപര്ണ നല്കിയ പ്രതീക്ഷകള് പിന്നീട് കുറഞ്ഞ് വരുന്നത് പോലെയായിരുന്നു അവരുടെ സിനിമ തെരഞ്ഞെടുപ്പുകള്. പല സിനിമയിലും പെര്ഫോം ചെയ്യാനുള്ള സ്പേസ് ഇല്ലാതെ പോയി. ആദ്യ ടൈറ്റില് കഥാപാത്രമാക്കുന്ന സിനിമയായ അര്ച്ചന 31 നോട്ട് ഔട്ട് അവരിലെ പെര്ഫോമറെ നന്നായി ഉപയോഗിച്ചിട്ടുണ്ട്.
പല അടരുകളുള്ള കഥാപാത്രം ഐശ്വര്യയില് സുരക്ഷിതമായിരുന്നു. വിവാഹം പോലെയുള്ള ജീവിതത്തിലെ വ്യക്തപരമായ കാര്യങ്ങളില് സ്വന്തമായി മാത്രമാണ് തീരുമാനമെടുക്കേണ്ടതെന്ന സിനിമ സന്ദേശം പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാന് കഴിഞ്ഞതും ആ പ്രകടന മികവിനാലാണ്. സിനിമ അതിന്റെ ഉള്ളടക്കത്തിലേക്ക് എത്താനെടുക്കുന്ന സമയവും അതിനിടയില് ചിലയിടങ്ങളിലെ ഇഴച്ചിലും ഒരു പോരായ്മയാണ്. എന്നാല് തന്നെയും രാജേഷ് മാധവന്, ദിലീപ് മോഹന് എന്നിവരുടെ കഥാപാത്രങ്ങളും സിനിമയെ ആസ്വാദകരമാക്കുന്നുണ്ട്. സ്വാഭാവികത്വം നിലനിര്ത്തി വിഷയത്തെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാനായി എന്നതാണ് സിനിമയുടെ നേട്ടം. മലയാള സിനിമ ഒരു കാലത്ത് പിന്പ്പറ്റിയിരുന്ന ഫീല് ഗുഡ് സിനിമയിലെ രാഷ്ട്രീയ ശരികേടുകളുടെ ടെംപ്ലേറ്റ് മാറ്റി നിര്ത്തിയെന്നതും അര്ച്ചനയുടെ മികവാണ്.