തിരുവനന്തപുരം: ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ കെ.എസ്.ഇ.ബി ചെയർമാൻ ബി. അശോകിന്റെ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നിരിക്കുന്നത്. വിവാദങ്ങളേപ്പറ്റി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് അദ്ദേഹം. ഇപ്പോഴത്തെ പ്രശ്നങ്ങൾക്കുള്ള കാരണങ്ങളിൽഒന്ന് എസ്ഐഎസ്എഫിനെ ഏൽപ്പിച്ചതാകാം. എന്നാൽ ഇതിനെതിരെ ഉയരുന്ന വാദങ്ങളിലൊന്നും ഒരു ലോജിക്കുമില്ലെന്ന് അദ്ദേഹം പറയുന്നു.
ബോർഡിന്റെ സ്ഥലം സർക്കാരോ ഫുൾബോർഡോ അറിയാതെ പാട്ടം നൽകിയെന്ന ആരോപണം ഉയർത്താൻ കാരണമെന്താണ്? ബോർഡിന്റെ സ്ഥലം അന്യാധീനപ്പെട്ടിട്ടുണ്ടോ?
ബോർഡിന്റെ സ്ഥലം ക്രയവിക്രയം ചെയ്യുമ്പോൾ അതിന് ഉത്തരവാദിത്തപ്പെട്ട അതോറിറ്റിയുടെ അനുമതി തേടേണ്ടതുണ്ട്. അതൊരു അസിസ്റ്റന്റ് എഞ്ചിനീയറിനോ മറ്റോ ഒറ്റയ്ക്ക് ചെയ്യാവുന്ന കാര്യമല്ല. അതിനാവശ്യമായ അനുമതി നേടിയെടുക്കണമെന്നെ ഞാൻ എഫ്ബി പോസ്റ്റിൽ ഉദ്ദേശിച്ചുള്ളു. അല്ലാതെ ബോർഡിന്റെ സ്ഥലം അന്യാധീനപ്പെട്ടു എന്നൊന്നും ഞാനൊരിടത്തും പറഞ്ഞിട്ടില്ല. പറയാത്ത കാര്യത്തെ പറ്റിയാണ് നിങ്ങളീ ചോദിക്കുന്നത്.
ചീഫ് എഞ്ചിനീയറെ ഭീഷണിപ്പെടുത്തി ഒപ്പിടീപ്പിച്ചുവെന്ന് പറയാനുണ്ടായ സാഹചര്യമെന്തായിരുന്നു? യൂണിയനുമായുള്ള പ്രശ്നങ്ങളായിരുന്നോ അതിന് പിന്നിൽ?
അങ്ങനെ നിരവധി സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഘൊരാവോ ചെയ്ത് ഇതിന് മുമ്പും അങ്ങനെ നിർബന്ധിച്ച് ഒപ്പിടീവീക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. അക്കാര്യങ്ങൾ ആളുകൾ പറഞ്ഞിട്ടുമുമ്പ്. ഇക്കാര്യത്തിൽ എന്റെ എഫ്ബി പോസ്റ്റിൽ പറഞ്ഞതിൽ കൂടുതലൊന്നും സംസാരിക്കാനില്ല.
നിലവിലെ പ്രശ്നത്തിന് കാരമെന്താണ്? എസ്ഐഎസ്എഫിന് ബോർഡ് ആസ്ഥാനത്തിന്റെ സുരക്ഷാ ചുമതല നൽകിയതാണോ?
എസ്ഐഎസ്എഫിനെ സുരക്ഷാ ചുമതല ഏൽപ്പിച്ചത് ബോർഡിന്റെ മാത്രം തീരുമാനമല്ല. അത് സർക്കാരിന്റെ കൂടി ഇടപെടലിനെ തുടർന്നുണ്ടായ തീരുമാനമാണ്. അതിൽ കേന്ദ്ര ഏജൻസികളുടെ ശുപാർശയും ഉണ്ടായിട്ടുണ്ട്.
ബോർഡിന്റെ സ്ഥാപനങ്ങളിൽ സുരക്ഷ വർധിപ്പിക്കേണ്ടതാണ് എന്നതാണ് ബോർഡിന്റെ നിലപാട്. മറിച്ച് സർക്കാരിന് അഭിപ്രായമുണ്ടെങ്കിൽ അത് കുറയ്ക്കുന്നതിൽ ബോർഡിന് എതിർപ്പില്ല. പക്ഷെ കമ്പനിയല്ല അതിന്റെ അന്തിമ വാക്ക്.
കേരള പോലീസായിരുന്നില്ലേസുരക്ഷ നൽകിക്കൊണ്ടിരുന്നത്. ഡാറ്റാ ഉൾപ്പെടെ സംരക്ഷിക്കേണ്ടതുള്ളതിനാൽ ബോർഡിന്റെ കാഴ്ചപ്പാടിൽ പോലിസിന്റെ സുരക്ഷ അപര്യാപ്തമാണെന്ന് കരുതുന്നുണ്ടോ?
ഫിസിക്കൽ ആക്സസല്ലെ ആദ്യം നിയന്ത്രിക്കേണ്ടത്. എന്നാൽ ഡാറ്റാ ചോർച്ചയ്ക്ക് കാരണമാകുന്ന സൈബർ ഹാക്കിങ് തടയാൻ അതിന്റേതായ പ്രോട്ടോക്കോളുണ്ട്. അതിനുള്ള നടപടികൾ ഇവിടെ ചെയ്യുന്നുമുണ്ട്. അതേസമയം ഓപ്പൺ പോർട്ടുകളുള്ള സിസ്റ്റം ഇരിക്കുന്ന സ്ഥലത്ത് ആർക്കും എപ്പോഴും കയറി ഇറങ്ങാവുന്ന സൗകര്യവും നല്ലതല്ല. അതിനാണ് നിയന്ത്രണം വേണ്ടത്.
എസ്ഐഎസ്എഫിനെ വിന്യസിച്ചാൽ യൂണിയൻ പ്രവർത്തനത്തിന് തടസമുണ്ടാകുമെന്നാണല്ലോ പ്രതിഷേധിക്കുന്നവർ പറയുന്നത്?
യൂണിയൻ പ്രവർത്തനത്തിന് എതിരായി എന്ത് നടപടിയാണ് എടുത്തിട്ടുള്ളത്. അത്തരം പ്രവർത്തനങ്ങളൊന്നും നിയന്ത്രിക്കുന്നില്ല. പാസുള്ളവരെയും അകത്ത് പ്രവേശിക്കാൻ അനുമതിയുള്ളവരുടെയും കാര്യങ്ങളല്ലേ നിയന്ത്രിക്കപ്പെടുക.
യൂണിയൻ പ്രവർത്തനം എന്നതിനകത്ത് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ വരില്ല. ഒരാളെ സംഘം ചേർന്ന് മർദ്ദിക്കുന്നതൊക്കെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് തടസമായേക്കാം. പക്ഷെ നിയമപരമായ ഒരു പ്രവർത്തനവും സുരക്ഷാ ഉദ്യോഗസ്ഥർ തടയില്ലല്ലോ. സെക്രട്ടേറിയേറ്റിനകത്ത് യൂണിയനുകൾ പ്രവർത്തിക്കുന്നില്ലേ. അതിന്റെ സുരക്ഷ എസ്ഐഎഫിനല്ലേ.
എസ്ഐഎസ്എഫ് വന്നാൽ സുരക്ഷിതമായി മുമ്പുണ്ടായിരുന്നതിനേക്കാൾ കാര്യക്ഷമമായി പ്രവർത്തിക്കാനാകുമോ?
എല്ലാ കാര്യങ്ങളെയും കൂട്ടിക്കെട്ടുന്നതിൽ അർഥമില്ല. എസ്ഐഎസ്എഫിനെ ചോദിച്ചത് വ്യക്തമായ ശുപാർശകളുടെ അടിസ്ഥാനത്തിലാണ്. കൃത്യമായ പരിശീലനം ലഭിച്ചവരാണ് എസ്ഐഎസ്എഫ്. സുരക്ഷയ്ക്ക് ജില്ലാ ആംഡ് പോലീസ് പോരാ എന്ന റിപ്പോർട്ട് വന്നപ്പോഴാണ് ഇങ്ങനെ ചോദിച്ചത്. അവരെ വൈദ്യുതി ഭവന്റെ നാല് പോയിന്റുകളിലാണ് വിന്യസിക്കുന്നത്.
എസ്ഐഎസ്എഫിനെ വിന്യസിക്കുന്നതിന് കേന്ദ്രനിർദ്ദേശമുണ്ടായിരുന്നോ? അങ്ങനെയുണ്ടെങ്കിൽ സിഐഎസ്എഫ് സുരക്ഷയല്ലെ കേന്ദ്രം നിർദ്ദേശിക്കുക?
മൂന്ന് വർഷത്തോളമായി ഇത്തരമൊരു നിർദ്ദേശം നിലവിലുണ്ട്. സിഐഎസ്എഫ് സുരക്ഷ നൽകാനാണ് കേന്ദ്രം ആദ്യംപറഞ്ഞത്. 2017 മുതൽ ഇത്തരമൊരു ശുപാർശ ബോർഡിന്റെ മുന്നിലുണ്ട്. ഇതിന്റെ ഇടയ്ക്ക് കേന്ദ്രം സിഐഎസ്എഫിനെ നിർദ്ദേശിച്ചു. സ്വന്തമായി സംസ്ഥാന തലത്തിൽ വ്യവസായ സുരക്ഷാ സേനയുണ്ട്, അതിനാൽ എസ്ഐഎസ്എഫിനെ സുരക്ഷ ഏൽപ്പിക്കാമെന്നാണ് നമ്മൾ പറഞ്ഞിരുന്നത്. എന്നിട്ട് അതും ചെയ്തില്ല. ഇക്കാര്യം അഞ്ച് വർഷം വൈകിക്കുകയാണ് നമ്മൾ ചെയ്തത്. എന്നിട്ടാണ് നമ്മൾ സർക്കാരിനോട് ശുപാർശ ചെയ്തത്. ഇപ്പോൾ ആംഡ് പോലീസിലുള്ള നൂറോളം പേരുണ്ട്. ഇവരെ മാറ്റി പകരം എസ്ഐഎസ്ഫിനെ നിയോഗിക്കുകയാണ് ചെയ്യുക. പോലീസിന്റെ തന്നെ മറ്റൊരു വിഭാഗം തന്നെയാണ് എസ്ഐഎസ്എഫ്. അതുകൊണ്ട് ഇത് റാഡിക്കലായൊരു മാറ്റമല്ല.
ഈ മാറ്റമൊക്കെ യൂണിയനുകളെ യോഗം വിളിച്ച് അറിയിച്ചതാണ്. പ്രതിഷേധത്തിന് പിന്നിൽ അവർ പറയുന്നതിലൊന്നും ഒരു ലോജിക്കുമില്ല. എസ്ഐസ്എഫ് സുരക്ഷ തിരുവനന്തപുരത്തെ ഓഫീസിലൊഴികെ മറ്റെല്ലായിടത്തുമാകാമെന്നാണ് ഇവർ തന്നെ പറയുന്നത്. അതെന്താണെന്ന് മാത്രം അവർ പറയുന്നുമില്ല. മറ്റ് ഓഫീസുകളിൽ നിന്ന് വരുന്ന ആളുകൾക്ക് പ്രവേശനം പരിമിതപ്പെടുമോ എന്നാണ് ഇവർ ഉന്നയിക്കുന്ന ആശങ്ക. അതിന് തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മാത്രം മതിയാകുമെന്നതാണ് ഉത്തരം.
ഇവിടെ മാത്രമല്ല ഏത് സ്ഥാപനത്തിൽ വന്നാലും വരുന്നവർ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തണം. ഏത് പവർ കമ്പനിയിൽ ചെന്നാലും സെക്യൂരിറ്റി ക്ലിയറൻസിന് ശേഷമെ കടത്തിവിടാറുള്ളു. അങ്ങനെയുള്ള സുരക്ഷ ആവശ്യമുള്ള ഒരു കേന്ദ്ര ഓഫീസിലേക്ക് ആർക്കും കയറി ഇറങ്ങാൻ സാധിക്കണമെന്ന് പറയുന്നതിൽ ഒരു ലോജിക്കുമില്ല.
ഇപ്പോഴത്തെ പ്രശ്നങ്ങൾ പെട്ടെന്ന് ഉണ്ടായതാണോ?
ഞാൻ വന്നതിന് ശേഷം പ്രമോഷൻ കൊണ്ടുവരാനോ മറ്റോ ചുരുങ്ങിയ സംഘം ആൾക്കാർ ശ്രമിച്ചിരുന്നു. അത് നടന്നില്ല. ഇപ്പോൾ എസ്ഐഎസ്എഫ് വരുമ്പോൾ എല്ലാവരെയും ബാധിക്കുമെന്ന പ്രചരണം നടത്തി അതിന്റെ പിന്നിൽ ഇവർ നിൽക്കുന്നെന്നേയുള്ളു. പിന്നെ അവർ പറയുന്നത് അവിടെ തകരാറുണ്ട്, ഇവിടെ പ്രശ്നമുണ്ട് എന്നൊക്കെയാണ്. ഇതൊക്കെ കാലാകാലങ്ങളിൽ പരാതിയായി എഴുതി തന്നിട്ടുള്ളതും അതിൽ നടപടി എടുത്തിട്ടുള്ളതുമൊക്കെയാണ്. അതൊക്കെ വീണ്ടും പരിശോധിക്കുന്നതിൽ കുഴപ്പമൊന്നുമില്ല. ആലോചനയിൽ മാത്രമുള്ള സംഗതികളിൽ വരെ പരാതിയുമായെത്തിയിട്ടുണ്ട്. അസ്വസ്ഥത ഉണ്ടെന്ന് മനസിലായി. പക്ഷെ എന്താണ് അസ്വസ്ഥതയെന്ന് മനസിലാകുന്നില്ല.
content highlights:kseb chariman explanations in board controversy