175 മദ്യശാലകള്‍ കൂടി തുറക്കാൻ ബെവ്കോ അനുമതി ചോദിച്ചതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്. പുതുതായി തുറക്കുന്ന ഈ മദ്യശാലകളെല്ലാം വാക്ക്-ഇൻ കൗണ്ടറുകളായിരിക്കുമെന്നാണ് മനോരമ റിപ്പോര്‍ട്ട്. കൂടാതെ നിലവിലുള്ള ഔട്ട്ലെറ്റുകളും ഉടൻ വാക്ക്-ഇൻ രീതിയിലേയ്ക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇതോടൊപ്പം വാങ്ങിയ മദ്യം കൊണ്ടുപോകാനായി ബെവ്കോ ബ്രാൻഡിലുള്ള തുണി സഞ്ചികളും അവതരിപ്പിക്കും. സംസ്ഥാന സര്‍ക്കാരിൻ്റെ പുതിയ മദ്യനയത്തിൽ ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും പുതിയ ഔട്ട്ലെറ്റുകള്‍ക്കുള്ള സ്ഥലം കണ്ടെത്തുക. ഇതുവഴി നാട്ടുകാരുടെ പ്രതിഷേധം അടക്കമുള്ള പ്രശ്നങ്ങളും നേരിടാൻ കഴിയുമെന്ന് ബെവ്കോ കരുതുന്നു.
Also Read:
കടകള്‍ക്കു മുന്നിൽ ക്യൂ നിന്നു മദ്യം വാങ്ങുന്ന തരത്തിലുള്ള രീതി അവസാനിപ്പിക്കണമെന്ന് മുൻപ് കേരള ഹൈക്കോടതി അടക്കം ആവശ്യപ്പെട്ടിരുന്നു. ക്യൂ നിന്ന ശേഷം കൗണ്ടറിലെത്തി ആദ്യം പണമടയ്ക്കുകയും തുടര്‍ന്ന് ബിൽ കാണിച്ച് മദ്യം കൈപ്പറ്റുകയുമാണ് നിലവിൽ ഭൂരിപക്ഷം ഔട്ട്ലെറ്റുകളിലെയും രീതി. കടയ്ക്കുള്ളിൽ പ്രവേശിപ്പിച്ച് സൂപ്പര്‍മാര്‍ക്കറ്റുകളിലേതു പോലെ ഇഷ്ട ബ്രാൻഡ് മദ്യം തെരഞ്ഞെടുത്ത് നേരിട്ട് ബില്ലിങ് കൗണ്ടറിലെത്തി പണം നൽകുന്നതാണ് വാക്ക്-ഇൻ കൗണ്ടറുകളിലെ രീതി. സംസ്ഥാനത്ത് ചുരുക്കം ചില മദ്യശാലകള്‍ മാത്രമാണ് ഇത്തരത്തിലുള്ളത്. സര്‍ക്കാര്‍ അനുമതിയോടെ തുടങ്ങുന്ന പുതിയ ഔട്ട്ലെറ്റുകളിൽ വാക്ക്-ഇൻ രീതി കൊണ്ടുവരുന്നതു വഴി മദ്യവിൽപനയുടെ മുഖം മിനുക്കാനാകുമെന്നാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്. മദ്യശാലകളിലെ തിരക്കൊഴിവാക്കാൻ കൂടുതൽ കടകള്‍ തുറക്കുമെന്ന് ബെവ്കോ മുൻപ് ഹൈക്കോടതിയെയും അറിയിച്ചിരുന്നു.
Also Read:
സംസ്ഥാന സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ച ശേഷമായിരിക്കും നടപടികള്‍ ആരംഭിക്കുക. ഐടി പാര്‍ക്കുകളുള്ള സ്ഥലങ്ങളിൽ ബിയര്‍ ആൻ്റ് വൈൻ പാര്‍ലറുകള്‍ അനുവദിക്കുന്നതും സര്‍ക്കാരിൻ്റെ പരിഗണനയിലാണ്.
ഇതിനു പുറമെ പഴങ്ങളിൽ നിന്ന് വീഞ്ഞുണ്ടാക്കാനുള്ള യൂണിറ്റുകള്‍ തുടങ്ങാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇതുസംബന്ധിച്ചും മദ്യനയത്തിൽ പ്രഖ്യാപനമുണ്ടാകും. പൈനാപ്പിൾ, ചക്ക, കശുമാങ്ങ എന്നിവയിൽ നിന്ന് വൈൻ ഉത്പാദിപ്പിക്കുന്നതു സംബന്ധിച്ച് കാര്‍ഷിക സര്‍വകലാശാല നല്‍കിയ പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ മേഖലയിൽ തന്നെ ഉത്പാദനം നടത്താനാണ് പദ്ധതി.