തിരുവനന്തപുരം
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ രമേശ് ചെന്നിത്തലയുടെ നീക്കത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പിന്തുണച്ചതോടെ കോൺഗ്രസിൽ അസ്വസ്ഥത കടുത്തു. തന്നെ ഭൂതക്കണ്ണാടി വച്ച് നോക്കാൻ വരേണ്ടെന്ന് സതീശന് ചെന്നിത്തലയുടെ മുന്നറിയിപ്പ്. പ്രതിപക്ഷ നേതാവ് യുഡിഎഫിന്റെ നേതാവ് കൂടിയാണെന്ന് സതീശന്റെ തിരിച്ചടി. ചെന്നിത്തലയും സതീശനും കൂടുതൽ അകന്നതോടെ അവസരം മുതലെടുത്ത് നീങ്ങാനാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കെ സുധാകരനും തന്ത്രം ഒരുക്കുന്നത്. ഒരുമാസത്തിനുള്ളില് പൂര്ത്തിയാക്കുമെന്ന് നവംബറില് ചേര്ന്ന കെപിസിസി യോഗത്തില് പ്രഖ്യാപിച്ച പുനഃസംഘടന ഇപ്പോഴും അനിശ്ചിതത്വത്തില്. 40 കെപിസിസി സെക്രട്ടറിമാരെ നിയമിക്കാൻ തയ്യാറാക്കിയ പട്ടികയിൽ ഇരുനൂറ് പേർ. ഡിസിസി അഴിച്ചുപണിക്ക് ജില്ലകളിൽനിന്ന് എത്തിയ ജംബോ പട്ടിക കൂടിയായതോടെ അതും പ്രതിസന്ധിയിലായി. പുനഃസംഘടന സംബന്ധിച്ച് ഉമ്മൻചാണ്ടിയുമായി കെ സുധാകരൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയെങ്കിലും സമവായമായില്ല.
സതീശനുമായി തുറന്ന ചർച്ചയ്ക്ക് ഇതുവരെയും സുധാകരൻ തയ്യാറായിട്ടില്ല. ചെന്നിത്തലയുടെ ഏകപക്ഷീയ നീക്കങ്ങളില് കടുത്ത അതൃപ്തി കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടും സുധാകരന്റെ പിന്തുണ ചെന്നിത്തലയ്ക്കാണ്. സുധാകരനും ചെന്നിത്തലയും കാര്യങ്ങൾ രഹസ്യമായി ചർച്ച ചെയ്യുകയാണെന്നും ഇത് മുന്നണിയെ തകർക്കാനുള്ള ഗൂഢാലോചനയാണെന്നും സതീശൻ പക്ഷം ആരോപിച്ചു. കോൺഗ്രസ്, യുഡിഎഫ് നേതൃത്വത്തോട് ആലോചിക്കാതെയുള്ള ചെന്നിത്തലയുടെ ഏകപക്ഷീയ നടപടികൾ പ്രതിപക്ഷ നേതാവ് പദവിയെ അസ്ഥിരപ്പെടുത്താനാണ്. ചെന്നിത്തല ഈ സ്ഥാനം വഹിച്ചപ്പോൾ ഉമ്മൻചാണ്ടിയുടെ ഭാഗത്തുനിന്ന് ഇത്തരം സമീപനം ഉണ്ടായിട്ടില്ലെന്നും സതീശൻ പക്ഷം ഓർമിപ്പിച്ചു.
സർക്കാരിനെതിരെ പുതിയ വിഷയം കൊണ്ടുവരുന്നത് ഇപ്പോഴും താനാണെന്ന് ചെന്നിത്തലയുടെ അവകാശവാദം സതീശനുള്ള കുറ്റപത്രമാണ്. താൻ എന്തുപറയുന്നുവെന്ന് ഒളിക്കണ്ണിട്ട് നോക്കുകയാണ് സതീശനെന്നും ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷ നേതാവ് പരാജയമാണെന്ന് വരുത്തിത്തീർക്കുകയാണ് ചെന്നിത്തലയുടെ ലക്ഷ്യം.
ഇതിനിടെ പുനഃസംഘടനാ പട്ടികയിൽ കയറിക്കൂടാനുള്ള മെയ്വഴക്കത്തിലാണ് താഴെ തട്ടിലെ നേതാക്കൾ. പരസ്യമായി ഗ്രൂപ്പ് പിടിക്കാതെ എല്ലാവരുടെയും കൂറ് നേടിയെടുക്കാനാണ് ശ്രമം. കെപിസിസി സെക്രട്ടറിമാരുടെ പട്ടികയിൽ അവസാനവട്ട ചർച്ച ഈ ആഴ്ചയുണ്ടാകുമെന്നാണ് കെപിസിസി നേതൃത്വം നൽകുന്ന സൂചന.