കൊച്ചി > നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നുവെന്ന പരാതിയിൽ ഹൈക്കോടതി വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. വിജിലൻസ് രജിസ്ട്രാറുടെ നിർദേശ പ്രകാരം ഡിവൈഎസ്പി ജോസഫ് സാജുവിനാണ് അന്വേഷണ ചുമതല. ആക്രമിക്കപ്പെട്ട നടിയുടെ പരാതിയിലാണ് അന്വേഷണം.
എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ചോർന്നുവെന്നാണ് നേരത്തെ ആരോപണം ഉയർന്നത്. ഇതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസുമാർ എന്നിവർക്ക് നടി പരാതി നൽകിയിരുന്നു. ദൃശ്യങ്ങൾ വിദേശത്തുള്ളവർ ഉൾപ്പെടെ പലരുടെയും കൈവശമുണ്ടെന്നും പരാതിയിൽ ആരോപണമുണ്ട്.