പാലക്കാട് > മലമ്പുഴയിലെ കൂർമ്പാച്ചി മലയിൽനിന്ന് സൈന്യമെത്തി രക്ഷപ്പെടുത്തിയ ആർ ബാബുവിനെതിരെ വനംവകുപ്പ് കേസെടുത്തു. തിങ്കളാഴ്ച വൈകിട്ട് വനംഉദ്യോഗസ്ഥർ ബാബുവിന്റെ വീട്ടിലെത്തി മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്. വനമേഖലയിലേക്ക് അതിക്രമിച്ചു കയറിയതിന് കേരള വനനിയമം സെക്ഷൻ 27 പ്രകാരമാണ് കേസ്. ബാബുവിനൊപ്പം മലകയറിയ രണ്ട് കൂട്ടുകാര്ക്കെതിരെയും കേസുണ്ട്. കേസെടുത്തത് ശരിയായ നടപടിയാണെന്നും അനുമതിയില്ലാതെ ആരും മല കയറരുതെന്നും ബാബു മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ കുർമ്പാച്ചി മലയിലേക്ക് ആളുകൾ കൂടുതലായി വന്നുപോകുന്നത് തടയാൻ വനംവകുപ്പ് നിരീക്ഷണസംഘത്തെ നിയോഗിച്ചു. 15പേർ മലയുടെ അടിവാരത്ത് നിലയുറപ്പിച്ചു. ഏത് വഴിയിലൂടെ ആളുകൾ എത്തിയാലും പിടികൂടി നിയമനടപടി സ്വീകരിക്കും.
ബാബുവിനെ രക്ഷിച്ചതിനുപിന്നാലെ ഞായറാഴ്ച രാത്രിയും ആളുകൾ മലകയറി. പ്രദേശവാസിയായ രാധാകൃഷ്ണൻ(41) മലയിൽ കുടുങ്ങിയതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ എത്തിയാണ് രക്ഷിച്ചത്. ഇനി മുതൽ മലകയറാൻ ആളുകൾ എത്തിയാൽ തിരിച്ചയക്കും. എന്നാൽ ആദിവാസിവിഭാഗത്തിൽപ്പെട്ട രാധാകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ഇയാൾ വനവിഭവം ശേഖരിക്കാൻ പോയതാണെന്ന് അധികൃതർ അറിയിച്ചു. വന്യമൃഗശല്യം രൂക്ഷമായ ഇവിടെ ശനിയാഴ്ച രാത്രി പുലി നായയെ പിടികൂടിയിരുന്നു.
കർശന നടപടി: എ കെ ശശീന്ദ്രൻ
കൂര്മ്പാച്ചിമല കയറാന് വരുന്നവര്ക്കെതിരെ കര്ശന നടപടിയെടുക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. വനമേഖല സന്ദർശിക്കുന്നവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് നിബന്ധന ഏർപ്പെടുത്തിയത്. അത്തരം നിയന്ത്രണങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ല. അടിക്കടി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നിയമം കർശനമായി നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വനഭൂമിയിലേക്ക് അതിക്രമിച്ചു കയറുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജനും അറിയിച്ചു.