കൊച്ചി: കളമശ്ശേരിയിൽ ഒരാളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ കാർ ബ്രേക്കിട്ടിട്ടും കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ. പതിനേഴു വയസ്സുള്ള വിദ്യാർഥി ഓടിച്ചിരുന്ന കാർ ആദ്യം മെട്രോയുടെ പില്ലറിലാണിടിച്ചത്. ഇതേത്തുടർന്ന് ബ്രേക്കിട്ടെങ്കിലും നിയന്ത്രണം വിട്ട് വഴിയരികിലെ ചായക്കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കാർ വരുന്നത് കണ്ട് കടയിലുണ്ടായിരുന്ന മറ്റുള്ളവർ ഓടിമാറിയതിനാലാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരുന്നതെന്ന് കട നടത്തിപ്പുകാരനായ ഹരിനാരായണൻ പറയുന്നു.
ഞായറാഴ്ച രാവിലെ ഏഴു മണിയോടു കൂടിയാണ് അപകടമുണ്ടായത്. ആലുവ ഭാഗത്തുനിന്ന് കളമശ്ശേരി ഭാഗത്തേക്ക് പോയ കാറിടിച്ച് എടത്തല സ്വദേശിയായ പി.എ.ബക്കറാണ് (62) മരിച്ചത്. ഏതാനും പേർക്ക് നിസാര പരിക്കുമേറ്റു. കാറിൽ ഉണ്ടായിരുന്ന അഞ്ചിൽ നാലു പേരും പ്രായപൂർത്തിയാകാത്ത വിദ്യാർഥികളായിരുന്നു.
അതേസമയം, കാറിടിച്ച് വലിയ അപകടമുണ്ടായിട്ടും കുട്ടിസംഘത്തിന് കുലുക്കമൊന്നും ഉണ്ടായിരുന്നില്ലെന്ന് കടയുടെ ഉടമസ്ഥനായ നാസർ പറയുന്നു. അപകടമുണ്ടായതിന്റെ പേടിയോ ഉത്കണ്ഠയോ ഒന്നും കുട്ടികൾക്കുണ്ടായിരുന്നില്ല. ആളുകൾ കൂടി ചോദിച്ചിട്ടും അവർ കാര്യമായി സംസാരിക്കാൻ തയ്യാറായില്ല. വീട്ടുകാരുടെ നമ്പർ പോലും തന്നില്ല. ഒടുവിൽ ആലുവയിൽ നിന്നും പോലീസെത്തി അവരെ കൊണ്ടുപോവുകയായിരുന്നു -നാസർ പറഞ്ഞു.
കൊടുങ്ങല്ലൂർ നിന്ന് വാടകയ്ക്കെടുത്ത കാറുമായാണ് കുട്ടികൾ എത്തിയിരുന്നത്. കാറിന്റെ ആർ.സി. ഓണറിനും വാഹനമോടിച്ച കുട്ടിയ്ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് നൽകി. തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
വരാപ്പുഴയിൽ അപകടത്തിൽപ്പെട്ട ബൈക്ക്
അതേസമയം, ജില്ലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിക്കുന്ന വാഹനങ്ങൾ ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ വർധിച്ചുവരികയാണ്. ശനിയാഴ്ച വരാപ്പുഴയിൽ വാടകയ്ക്കെടുത്ത സൂപ്പർ ബൈക്ക് വഴിയരികിലെ മരത്തിലിടിച്ച് രണ്ട് പ്ലസ് ടു വിദ്യാർഥികൾ മരിച്ചിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ സൂപ്പർ ബൈക്കുകൾ ഉണ്ടാക്കിയ അപകടങ്ങളിൽ ജില്ലയിൽ പത്ത് പേർ മരിച്ചതായാണ് കണക്കുകൾ. ഈ പശ്ചാത്തലത്തിൽ പോലീസ് ജില്ലയിൽ മിന്നൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച മാത്രം നിയമലംഘനങ്ങൾ കണ്ടെത്തിയ ഇരുന്നൂറിലേറെ വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്.
Content Highlights:car drove by minor rammed into the shop kalamassery accident