കോഴിക്കോട്: മുട്ടിൽ മരംമുറി കേസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പിഴവുകൾ. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രത്യേക അന്വേഷണ സംഘത്തിൻറെതലവൻ എഡിജിപി എസ്. ശ്രീജിത്ത് റിപ്പോർട്ട് തിരിച്ചയച്ചു. വിശദമായ അന്വേഷണത്തിനും നിർദേശം നൽകിയിട്ടുണ്ട്. രഞ്ജിത്ത്, റേഞ്ച് ഓഫീസറായിരുന്ന ബാബുരാജ് എന്നിവരെ മാത്രം കുറ്റക്കാരാക്കിയാണ് റിപ്പോർട്ട്. ആരോപണവിധേയരായ എല്ലാവർക്കുമെതിരെ വിശദമായ അന്വേഷണം നടത്താനും കാര്യകാരണ സഹിതം റിപ്പോർട്ട് നൽകാനുമാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ഏറെ വിവാദമായ മുട്ടിൽ മരംമുറി കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിലെ പ്രാഥമിക റിപ്പോർട്ടിലാണ് വസ്തുതാപരമായ പിഴവുകൾ വന്നതായി കണ്ടെത്തിയത്. റിപ്പോർട്ട് അപൂർണമാണെന്ന വിലയിരുത്തലിലാണ് എഡിജിപി എസ്. ശ്രീജിത്ത് റിപ്പോർട്ട് തിരിച്ചയച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പദവി ഉൾപ്പടെ തെറ്റിച്ചാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
മുട്ടിൽ മരംമുറി കേസ് അന്വേഷണത്തിന് തുടക്കമിട്ടത് റേഞ്ച് ഓഫീസർ ഷമീർ ആയിരുന്നു. ഇദ്ദേഹത്തിനെതിരെ പ്രതികൾ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മണിക്കുന്ന് മലയിൽ വനഭൂമിയിൽ മരം മുറിച്ചതുമായി ഷമീറിനെ ബന്ധപ്പെടുത്തിയായിരുന്നു പ്രതികളുടെ ആരോപണം. എന്നാൽ ഈ ഭൂമി വനഭൂമി അല്ല സ്വകാര്യ ഭൂമിയാണെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ ആരോപണങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതല്ലാതെ അന്വേഷണ സംഘം ഇതേപ്പറ്റി സ്വന്തം നിലയ്ക്ക് യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ല. ഈ ഒരു സാഹചര്യത്തിൽ കൂടിയാണ് ആരോപണവിധേയരായ എല്ലാവരെയും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ച് എസ്ഐടി തലവൻ എഡിജിപി എസ്.ശ്രീജിത്ത് പ്രാഥമിക റിപ്പോർട്ട് തിരിച്ചയച്ചത്.
Content Highlights:report send back as factual errors in muttil tree cutting investigation report