ന്യൂഡൽഹി: പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കുന്നതിന് ബിഷപ്പ്മാർക്ക് അധികാരമില്ലെന്ന കേരള ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾക്കെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. സിറോ മലബാർ സഭയുടെ ബത്തേരി രൂപത നൽകിയ ഹർജിയിലാണിത്. സംസ്ഥാന സർക്കാരും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഉൾപ്പടെയുള്ള എതിർ കക്ഷികൾക്കാണ് നോട്ടീസ് അയച്ചത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെട്ടയുള്ളവർക്ക് എതിരായ കേസ് റദ്ദാക്കാനാകില്ലെന്ന ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾക്ക് എതിരെ ആയിരുന്നു ഹർജി.
സിറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപനയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന വിധിയിലാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കുന്നതിന് ബിഷപ്പ്മാർക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയത്. പള്ളികളുടെ ആസ്തിയും സ്വത്തും ട്രസ്റ്റുകളുടെ നിയന്ത്രണത്തിൽ ആണെന്നും അതിനാൽ കോടതിയുടെ അനുമതിയില്ലാതെ ഭൂമി കൈമാറ്റം സാധ്യമല്ലെന്നും ആയിരുന്നു ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ. എന്നാൽ സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലെ വിധി, എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുമെന്ന് സിറോ മലങ്കര സഭയുടെ ബത്തേരി രൂപത സുപ്രീം കോടതിയിൽ വ്യക്തമാക്കി.
കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിർദേശിച്ച ഹൈക്കോടതി ഉത്തരവിലെ 17 മുതൽ 39 വരെയുള്ള ഖണ്ഡികകൾക്ക് എതിരെയാണ് ബത്തേരി രൂപത സുപ്രീം കോടതിയെ സമീപിച്ചത്. വിധിയിലെ പരാമർശങ്ങൾക്ക് എതിരെ ഹൈക്കോടതിയെ സമീപിച്ചുകൂടേ എന്ന് രൂപതയുടെ അഭിഭാഷകരോട് സുപ്രീം കോടതി ആദ്യം ആരാഞ്ഞിരുന്നുവെങ്കിലും പിന്നീട് ഹർജിയിൽ നോട്ടീസ് അയക്കുകയായിരുന്നു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, വിക്രം നാഥ് എന്നിവരാണ് ഹർജിയിൽ നോട്ടീസ് അയച്ചത്.
ബത്തേരി രൂപതയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ സി.യു സിങ്, റോമി ചാക്കോ എന്നിവരാണ് ഹാജരായത്. സിറോ മലബാർ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപനയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസിൽ വിചാരണ നേരിടണമെന്ന ഉത്തരവിന് എതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അപ്പീൽ നൽകുമെന്ന് സഭാ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കർദിനാളിന്റെ അപ്പീൽ ഇതുവരെയും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടില്ല.