പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചിമലയിൽ കുടുങ്ങിയ ബാബുവിന്റെ രക്ഷാദൗത്യത്തിന് ചെലവിട്ട തുക അമ്പതുലക്ഷത്തിന് മുകളിലെത്തിയേക്കുമെന്ന് പ്രാഥമിക വിലയിരുത്തൽ.
കോസ്റ്റ് ഗാർഡ് ഹെലിക്കോപ്റ്റർ, വ്യോമസേനാ ഹെലിക്കോപ്റ്റർ, കരസേന, മറ്റ് രക്ഷാപ്രവർത്തകർക്കായി ശരാശരി ഇത്രയും തുകയായിക്കാണുമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ. എന്നാൽ, എല്ലാവിഭാഗങ്ങളിൽനിന്നും ബില്ലുകളെത്തിയശേഷമേ ഫണ്ട് ചെലവിട്ടതിൽ വ്യക്തതവരൂ.
ജില്ലാ ഫയർ ഓഫീസർക്ക് കാരണംകാണിക്കൽ നോട്ടീസ്
മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങളിൽ ജില്ലാ ഫയർ ഓഫീസർ ഗുരുതര വീഴ്ചവരുത്തിയെന്ന് കുറ്റപ്പെടുത്തൽ. സംഭവത്തിൽ ജില്ലാ ഫയർ ഓഫീസറായ വി.കെ. ഋതീജിനോട് ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ വിശദീകരണംതേടി.
വിലപ്പെട്ട മനുഷ്യജീവൻ 43 മണിക്കൂറോളം പാറയിടുക്കിൽ കുടുങ്ങിക്കിടന്നിട്ടും അത് യഥാസമയം സ്റ്റേറ്റ് കൺട്രോൾ റൂം, ഹെഡ്ക്വാർട്ടേഴ്സ്, ഡയറക്ടർ ജനറൽ, ഡയറക്ടർ ടെക്നിക്കൽ ഉൾപ്പെടെയുള്ള മേലധികാരികളെ അറിയിക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ കണ്ടെത്തിയിരിക്കുന്നത്.
Content Highlights :Rescue mission for Babu-The cost may cross half a crore