തൃശൂർ> വനിതാ നേതാവിന്റെ വീഡിയോ മോർഫ് ചെയ്ത അശ്ലീലമാക്കി പ്രചരിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിനുൾപ്പടെ മൂന്നുപേർക്കെതിരെ കേസ്. ശോഭ സുബിനു പുറമെ നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിൽ, മണ്ഡലം ഭാരവാഹി അഫ്സൽ എന്നിവർക്കെതിരെയാണ് മതിലകം പൊലീസ് കേസെടുത്തത്.
ശോഭ സുബിൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കയ്പമംഗലമം മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. കയ്പമംഗലത്തെ യൂത്ത് കോൺഗ്രസ് വനിതാ നേതാവാണ് പരാതി നൽകിയിരിക്കുന്നത്. തന്റെ പേരും പദവിയും സഹിതം മോർഫ് ചെയ്ത് അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. ഫെബ്രുവരി ഒമ്പതു മുതൽ വ്യാപകമായി പ്രചരിപ്പിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുവതി പൊലീസിൽ പരാതി നൽകി. ഇതുനസരിച്ച് ഐപിസി സെക്ഷൻ 66 (ഇ)67 ഐടി ഏക്ടനുസരിച്ച് ക്രൈം നമ്പർ 168–-22 യു–- എസ് 354 (സി) ആയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊടുങ്ങല്ലുർ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിലാണ് മതിലകം പൊലീസ് കേസെടുത്തത്.
പരാതി നൽകിയതോടെ യൂത്ത് കോൺഗ്രസ് നേതാക്കളെ രക്ഷിക്കാൻ കോൺഗ്രസിന്റെ ഉന്നത നേതാക്കൾ രംഗത്തിറങ്ങി. എന്നാൽ യുവതി പിൻമാറിയില്ല. യുവതിയുടെ പരാതിയിൽ കേസെടുത്തതായും സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് ശങ്കരൻ പറഞ്ഞു.